ഈ വെള്ളിക്കു പൊന്നുംവില
Tuesday, February 4, 2025 2:27 AM IST
ഡെറാഡൂണ്: സുഹൃത്തിന്റെ പക്കൽനിന്നു പാതിവിലയ്ക്കു വാങ്ങിയ സൈക്കിളുമായി ദേശീയ ഗെയിംസിനെത്തിയ കേരളത്തിന്റെ അദ്വൈതിന് വെള്ളി മെഡൽ.
അന്താരാഷ് ട്ര താരങ്ങൾക്കൊപ്പം ശക്തമായ മത്സരം കാഴ്ചവച്ചാണ് 15 കിലോമീറ്റർ സ്ക്രാച്ച് റോഡ് ഇവന്റിൽ തിരുവനന്തപുരം സ്വദേശിയായ അദ്വൈത് ശങ്കർ മെഡൽ സ്വന്തമാക്കിയത്. ഒപ്പം മത്സരിച്ച മറ്റൊരു കേരള താരം എ. അനന്തുവിനു നിർഭാഗ്യംകൊണ്ട് വെങ്കലം നഷ്ടമായി.
10 താരങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഇതിൽ എട്ടു പേരും അന്താരാഷ്ട്ര സൈക്ലിംഗ് ഇവന്റുകളിൽ പതിവായി പങ്കെടുക്കുന്നവരും. അവർക്കൊപ്പമായിരുന്നു കേരള താരങ്ങളുടെ പോരാട്ടം.
333 മീറ്റർ ചുറ്റളവുള്ള ട്രാക്കിൽ മത്സരം പൂർത്തിയാകാൻ 45 തവണ വലംവയ്ക്കണം. ഇതിനിടെ മുന്നിലുണ്ടായിരുന്ന മൂന്നു താരങ്ങൾ ട്രാക്കിൽ വീണതോടെ അനന്തുവിനു സൈക്കിൾ വെട്ടിക്കേണ്ടി വന്നു. ഇതോടെ വേഗത അല്പം കുറയുകയും മൂന്നാം സ്ഥാനം നഷ്ടമാകുകയുമായിരുന്നു.
റോഡ് സൈക്ലിംഗ് വിഭാഗത്തിൽ 120 കിലോമീറ്റർ റേസിൽ അദ്വൈത് മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാനായില്ല. ആറു വർഷമായി ദേശീയ തലത്തിൽ സൈക്ലിംഗ് ഇവന്റുകളിൽ മെഡൽ നേട്ടമുണ്ട് അദ്വൈതിന്.
2022 ൽ ആസാമിൽ നടന്ന ജൂണിയർ നാഷണൽ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ അദ്വൈത് സ്വർണം നേടിയിരുന്നു. ഖേലോ ഇന്ത്യയിൽ സിൽവർ മെഡലും ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ ഒന്നുവീതം വെള്ളിയും വെങ്കലവും അദ്വൈതിന്റെ മെഡൽ ശേഖരത്തിലുണ്ട്.
പത്താംക്ലാസ് മുതൽ സായിയിൽ പരിശീലനത്തിലാണ് അദ്വൈത്. സായിയിലെ സൈക്കിളാണ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഉപയോഗിച്ചിരുന്നതെങ്കിലും ദേശീയ ഗെയിംസിൽ മറ്റൊരു സൈക്കിൾ ഉപയോഗിക്കാൻ അദ്വൈത് തീരുമാനിക്കുകയായിരുന്നു.
അങ്ങനെയാണ് സുഹൃത്തിന്റെ സൈക്കിളുമായി ഉത്തരാഖണ്ഡിലേക്ക് വിമാനം കയറിയത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കഴക്കൂട്ടം വി. ശങ്കരന്റെയും ശീകലയുടെയും മകനാണ്.
തിരുവനന്തപുരം ലോ കോളജിൽ ആറാം സെമസ്റ്റർ വിദ്യാർഥിയായ അദ്വൈത് രണ്ട് ഇവന്റുകളിൽ കൂടി ഇനി മത്സരിക്കുന്നുണ്ട്.