ദുബെയുടെ കണ്‍കഷനായി റാണ എത്തിയ വിവാദത്തിനിടെ ഇന്ത്യ x ഇംഗ്ലണ്ട് അഞ്ചാം
ട്വന്റി-20 ഇന്ന്
Sunday, February 2, 2025 12:09 AM IST
മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ വെള്ളിയാഴ്ച പൂനയിൽ അരങ്ങേറിയ നാലാം ട്വന്റി-20ക്കിടെയിൽ നടന്ന കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ വിവാദം ആളിക്കത്തുന്നതിനിടെ പരന്പരയിലെ അഞ്ചാം മത്സരം ഇന്നു മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ.
പൂനയിൽ 15 റണ്‍സ് ജയം നേടിയ ഇന്ത്യ 3-1നു പരന്പര സ്വന്തമാക്കിക്കഴിഞ്ഞു. പരന്പരയിലെ അവസാന മത്സരത്തിൽ ജയിച്ച് കണ്‍കഷൻ ചതിയിലൂടെ ജയം സ്വന്തമാക്കിയ ടീം ഇന്ത്യയെ പരാജയപ്പെടുത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. രാത്രി ഏഴിനാണ് മത്സരം.
നാലാം മത്സരത്തിൽ സംഭവിച്ചത്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന നാലാം മത്സരത്തിൽ പേസ് ഓൾറൗണ്ടർ ശിവം ദുബെയുടെ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി പേസർ ഹർഷിത് റാണയാണ് എത്തിയത്. ഇന്ത്യൻ ഇന്നിംഗ്സിലെ അവസാന ഓവറിൽ റണ്ണൗട്ടാകുന്നതിനു മുന്‍പ് ദുബെയുടെ ഹെൽമറ്റിൽ പന്തുകൊണ്ട് പരിക്കേറ്റിരുന്നു. അവസാന ഓവറിനിടെയായിരുന്നു ഹെൽമറ്റിൽ പന്ത് കൊണ്ടത്. 34 പന്തിൽ 53 റണ്‍സ് നേടിയ ദുബെ, ഇന്നിംഗ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി.
ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് തുടങ്ങിയപ്പോൾ രമണ്‍ദീപ് സിംഗ് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായെത്തി. എന്നാൽ, ഒന്‍പതാം ഓവറിന്റെ അവസാന പന്തിൽ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഹർഷിത് റാണ മൈതാനത്തെത്തി. മത്സരത്തിലെ 11-ാം ഓവർ എറിഞ്ഞ റാണ, രണ്ടാം പന്തിൽ ലിയാം ലിവിംഗ്സ്റ്റണിനെ (9) പുറത്താക്കി.
റാണയുടെ അരങ്ങേറ്റ ട്വന്റി-20യിലെ ആദ്യ ഓവറായിരുന്നു. തുടർന്ന് ജേകബ് ബെഥേൽ (6), ജാമി ഓവർട്ടണ് (19) എന്നിവരെയും റാണ മടക്കി അയച്ചു. ചുരുക്കത്തിൽ ദുബെയും (53) റാണയും (3/33) ചേർന്നാണ് ഇന്ത്യക്ക് 15 റണ്‍സ് ജയമൊരുക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 182 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 166നു പുറത്താകുകയായിരുന്നു.
ചെയ്തത് ശരിയോ
ടീം ഇന്ത്യ ചെയ്തത് തികച്ചും തെറ്റാണെന്ന് മത്സരത്തിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ആരോപിച്ചു. ‘ലൈക്ക് ഫോർ ലൈക്ക്’ കണ്‍കഷൻ അല്ല ഇന്ത്യ നടത്തിയത് എന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ആരോപണം. കാരണം, ഹർഷിത് റാണയ്ക്ക് ബാറ്റിംഗ് ഒട്ടും വശമില്ല. ദുബെ ചുരുങ്ങിയത് 25 മൈൽ സ്പീഡ്കൂടി വേഗത്തിൽ പന്ത് എറിഞ്ഞാലേ റാണയ്ക്ക് ഒപ്പമെത്തുകയുമുള്ളൂ.
ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ രീതിയിലായിപ്പോയി ഇന്ത്യ നടത്തിയ കണ്‍കഷൻ എന്നായിരുന്നു മുൻതാരം ആർ. അശ്വിന്റെ പ്രതികരണം. ഇംഗ്ലീഷ് മുൻതാരങ്ങളായ കെവിൻ പീറ്റേഴ്സണ്, മൈക്കിൾ വോണ്‍ തുടങ്ങിയവരും ഇന്ത്യ കണ്‍കഷൻ നിയമം വളച്ചൊടിച്ചെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യ കണ്‍കഷനായി ഇറക്കേണ്ടിയിരുന്നത് രമണ്‍ദീപ് സിംഗിനെ ആയിരുന്നു. നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ ഐസിസി അധികൃതർ ശ്രദ്ധിക്കേണ്ട സമയമായെന്നും അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ സൂചിപ്പിച്ചു.
കണ്‍കഷൻ എപ്പോൾ, എങ്ങനെ
മാച്ച് റഫറി ജവഗൽ ശ്രീനാഥാണ് കണ്‍കഷനായി ഹർഷിത് റാണയെ ഇറക്കാനുള്ള അനുമതി നൽകിയത്. കണ്‍കഷൻ അനുമതിക്കായി ടീം മെഡിക്കൽ അംഗമോ ടീം മാനേജ്മെന്റോ മാച്ച് റഫറിക്ക് അപേക്ഷ സമർപ്പിക്കുകയാണ് ചെയ്യുക. മത്സരത്തിനിടെ പരിക്കേറ്റ കളിക്കാരന് തുടർന്നു മൈതാനത്ത് ഇറങ്ങാൻ സാധിക്കാതെവരുന്ന സാഹചര്യത്തിലാണ് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാൻ മാച്ച് റഫറി അനുവദിക്കുന്നത്. പരിക്കേറ്റ ഉടൻതന്നെ ഐസിസി മാച്ച് റഫറിക്ക് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകണമെന്നുണ്ട്. പരിക്കേറ്റു പുറത്താകുന്ന താരത്തിന്റെ അതേ റോളിൽ ഉള്ള ആളായിരിക്കണം കണ്‍കഷനിലൂടെ കളത്തിലെത്തേണ്ടതെന്നാണ് നിയമം.