ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ ട്രിപ്പിൾ ഗോൾഡ്
Sunday, February 2, 2025 12:09 AM IST
അനിൽ തോമസ്
ഉത്തരാഖണ്ഡിലെ തണുപ്പിലും മഞ്ഞുവീഴ്ചയിലും പോരാട്ടവീര്യം ഉറഞ്ഞു പോകാതെ കേരളം ഇന്നലെ അക്കൗണ്ടിൽ ചേർത്തതു മൂന്ന് സ്വർണവും ഒരു വെങ്കലവും.
38-ാം ദേശീയ ഗെയിംസിൽ അക്വാട്ടിക് ഇനങ്ങളിൽ കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷകളായ സജൻ പ്രകാശും ഹർഷിത ജയറാമും സ്വർണം നേടിയപ്പോൾ വുഷു താരം മുഹമ്മദ് ജസിൽ കന്നിവരവിൽ സുവർണനേട്ടം സ്വന്തമാക്കി. അതേസമയം, സ്വർണം പ്രതീക്ഷിച്ച കേരളത്തിന്റെ പുരുഷ ഖോ-ഖോ ടീമിനു വെങ്കലംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
ഇന്നലത്തെ മൂന്ന് സ്വർണ നേട്ടത്തിന്റെ കരുത്തിൽ കേരളം മെഡൽ പട്ടികയിൽ നില മെച്ചപ്പെടുത്തി. അഞ്ചു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമാണ് കേരളത്തിനുള്ളത്. ഒന്പതു മെഡലുകളുമായി പട്ടികയിൽ കേരളം 11ൽനിന്ന് ഏഴാം സ്ഥാനത്തേക്കുയർന്നു.
മണിപ്പുരിനെ പിൻതള്ളി സർവീസസ് മെഡൽ പട്ടികയിൽ മുന്നിലെത്തി. 14 സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലും ഉൾപ്പെടെ 26 മെഡലുകളാണ് സർവീസസിനുള്ളത്. പട്ടികയിൽ രണ്ടാമതുള്ള കർണാടകയ്ക്ക് 13 സ്വർണവും അഞ്ചു വീതം വെള്ളിയും വെങ്കലവുമടക്കം 23 മെഡലുകളുണ്ട്.
വോളിബോളിൽ കേരളത്തിന്റെ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. ചണ്ഡിഗഡിനെയാണ് കേരളം പരാജയപ്പെടുത്തിയത്. സെമിയിൽ കർണാടകയെ തോൽപ്പിച്ച് വനിതകളുടെ ബാസ്കറ്റ്ബോൾ ടീമും ഫൈനലിൽ ഇടം നേടി.
അക്വാട്ടിക്സിൽ 4x200 മീറ്റർ റിലേയിലും കേരളത്തിന്റെ വനിതാ ടീം ഫൈനലിൽ യോഗ്യത നേടി. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും കേരളത്തിന്റെ വെയ്റ്റ്ലിംഫ്റ്റിംഗ് താരം സ്കിൽറ്റിൻ പോൾ മികവാർന്ന പ്രകടനം നടത്തി. 81 കിലോ വിഭാഗത്തിൽ മത്സരിച്ച സ്കിൽറ്റിൻ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
അതേസമയം, കേരളത്തിന്റെ ഫുട്ബോൾ ടീം ഡൽഹിയോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരമായിരുന്നു. ആദ്യ മത്സരം മണിപ്പുരിനോട് ഒരു ഗോളിനു കേരളം ജയിച്ചിരുന്നു. തിങ്കളാഴ്ച സർവീസസിനോടാണ് ഗ്രൂപ്പിലെ അവസാന മത്സരം. രണ്ടു വീതം പോയിന്റുള്ള ഇരു ടീമിനും അവസാന മത്സരം നിർണായകമാണ്.
നീന്തൽക്കുളത്തിൽ ഇരട്ട സ്വർണം
ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽ ഇന്നലെ കേരളത്തിന്റെ ദിവസമായിരുന്നു. പ്രതീക്ഷിച്ചപോലെ സജൻ പ്രകാശും ഹർഷിത ജയറാമും സ്വർണമണിഞ്ഞു.
ഹർഷിത ജയറാം 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലും സജൻ പ്രകാശ് 200 ബട്ടർഫ്ളൈ സ്ട്രോക്കിലുമാണ് സ്വർണം നേടിയത്. ഈ ദേശീയ ഗെയിംസിലെ സജന്റെ ആദ്യ സ്വർണം.
നേരത്തേ രണ്ടു വെങ്കലം സ്വന്തമാക്കിയിരുന്നു. ഹർഷിതയുടെ രണ്ടാം സ്വർണമാണിത്. ഹർഷിതയ്ക്ക് ഇന്ന് മത്സരമില്ല. സജൻ പ്രകാശ് 400 മീറ്റർ ഫ്രീസ്്റ്റൈലിലും 50 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിലും ഇന്നു മത്സരിക്കുന്നുണ്ട്.
34:14 സെക്കൻഡിലാണ് ഹർഷിതയുടെ സുവർണ നേട്ടം. സജൻ പ്രകാശ് 2.01:40 മിനിറ്റിൽ നീന്തിക്കയറി. ഇതോടെ ദേശീയ ഗെയിംസിൽ മാത്രം സജൻ നേടിയ മെഡലുകളുടെ എണ്ണം 29 ആയി.
ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ നിന്നുള്ള നാലാമത്തെ സ്വർണ നേട്ടമാണ് തൃശൂർ സ്വദേശിയായ ഹർഷിതയുടേത്. ഗോവയിൽ നടന്ന ഗെയിംസിൽ രണ്ടു സ്വർണം നേടിയിരുന്നു. നാലിനങ്ങളിലാണ് ഈ ഗെയിംസിൽ ഹർഷിത മത്സരിക്കുന്നത്. ബ്രെസ്റ്റ് സ്ട്രോക്കിലെ മൂന്നിനങ്ങളിലും വ്യക്തിഗത മെഡ്ലെയിലും. നാലു മത്സരങ്ങളിലും മെഡൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഹർഷിത പറഞ്ഞു.