ഇന്ത്യക്കു പരന്പര
Saturday, February 1, 2025 12:29 AM IST
പൂന: ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരന്പര ഇന്ത്യക്ക്. പരന്പര 3-1ന് സ്വന്തമാക്കി. നാലാം ട്വന്റി 20യിൽ 15 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 181 റണ്‍സ് നേടി. ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി.
അഞ്ചു വിക്കറ്റിന് 79 എന്ന നിലയിൽ പരുങ്ങലിലായ ഇന്ത്യയെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ചേർന്നാണ് മികച്ച സ്കോറി ലെത്തിച്ചത്. ദുബെയും (33 പന്തിൽ 53), പാണ്ഡ്യയു (30 പന്തിൽ 53). ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 87 റണ്‍സാണ് നേടിയത്.
രണ്ടാം ഓവറിൽ തന്നെ പേസർ സഖീദ് മഹ് മൂദ് ഇന്ത്യയുടെ ടോപ് ഓർഡറിനെ തകർത്തു. ആ ഓവറിന്റെ ആദ്യ പന്തിൽ സഞ്ജുവിനെ (1) നഷ്ടമായി. രണ്ടാം പന്തിൽ തിലക് വർമ(0), അവസാന പന്തിൽ സൂര്യകുമാർ യാദവ്(0) എന്നിവരും പുറത്തായി. റിങ്കു സിംഗ്- അഭിഷേക് ശർമ നാലം വിക്കറ്റ് കൂട്ടുകെട്ട് 45 റണ്‍സ് ചേർത്തശേഷം പിരിഞ്ഞു.
മഹ്മൂദ് മൂന്നും ജേമി ഓവർട്ടണ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ബെൻ ഡക്കറ്റും (39) ഫിൽ സാൾട്ടും (23) തകർപ്പൻ തുടക്കമാണ് നൽകിയത്. വിക്കറ്റ് നഷ്ടപ്പെടാതെ 62ൽനിന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 67ലേക്കു പതിച്ചു.
രവി ബിഷ്ണോയിയാണ് മുൻനിരയെ തകർത്തത്. ഒരു വശത്ത് ഹാരി ബ്രൂക്ക് (26 പന്തിൽ 51) ആക്രമിച്ചു കളിക്കാനുണ്ടായിരുന്നെങ്കിലും ഒപ്പം നിൽക്കാൻ ആളില്ലാതെ പോയി.
രവി ബിഷ്ണോയി, ഹർഷിത് റാണ എന്നിവർ മൂന്നും വരുണ്‍ ചക്രവർത്തി രണ്ടും വിക്കറ്റ് വീഴ്ത്തി.