രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ ; സൽമാൻ നിസാർ പ്ലെയർ ഓഫ് ദ മാച്ച്
Saturday, February 1, 2025 12:29 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സൽമാൻ നിസാറിന്റെ ബാറ്റിംഗ് മികവും ജലജ് സക്സേനയുടെ ബൗളിംഗ് പാടവവും കേരളത്തിനു സമ്മാനിച്ചത് ഗംഭീര ജയം.
രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് സിയിൽ ബിഹാറിനെതിരേ ഇന്നിംഗ്സിനും 169 റണ്‍സിനുമാണ് കേരളം ജയം സ്വന്തമാക്കിയത്. ഇതോടെ കേരളം രഞ്ജി ട്രോഫിയിൽ ക്വാർട്ടറിൽ ഇടം പിടിച്ചു. ആറുവർഷത്തിനു ശേഷമാണു ക്വാർട്ടറിലെത്തുന്നത്.
സ്കോർ: കേരളം ഒന്നാം ഇന്നിംഗ്സ് 351. ബിഹാർ ഒന്നാം ഇന്നിംഗ്സ് 23.2 ഓവറിൽ 64ന് ഓൾ ഒൗട്ട് , രണ്ടാം ഇന്നിംഗ്സ്: 41.1 ഓവറിൽ 118ന് ഓൾ ഔട്ട്. കേരളത്തിനു വേണ്ടി 150 റണ്‍സ് നേടിയ സൽമാൻ നിസാറാണ് പ്ലയർ ഓഫ് ദ മാച്ച്. രണ്ട് ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് നേടിയ കേരളത്തിന്റെ അതിഥിതാരം ജലജ് സക്സേനയാണു ബൗളിംഗിൽ മികവ് കാട്ടിയത്.
കേരളം ഒന്നാം ഇന്നിംഗ്സിൽ മുന്നോട്ടു വച്ച 351 റണ്‍സ് പിന്തുടർന്ന ബിഹാറിന് ആദ്യ ഇന്നിംഗ്സിൽ ചെറുത്തുനില്പിനു പോലും അവസരം ലഭിച്ചിരുന്നില്ല. സക്സേനയുടെ പന്തുകൾ നേരിടാൻ ഏറെ വിയർത്ത ബിഹാർ ബാറ്റിംഗ് നിര 64 റണ്‍സ് മാത്രമാണു നേടിയത്.
മൂന്നു പേർക്കു മാത്രമാണു രണ്ടക്കം കുറിക്കാനായത്. 21 റണ്‍സ് നേടിയ ഷർമാൻ നിഗ് റോഷാണ് ടോപ് സ്കോറർ. 7.1 ഓവറിൽ 19 റണ്‍സ് വഴങ്ങിയാണ് സക്സേനയുടെ ഒന്നാം ഇന്നിംഗിസിലെ അഞ്ചു വിക്കറ്റ് നേട്ടം.
എം.ഡി. നിധീഷ് രണ്ടും വൈശാഖ് ചന്ദ്രനും ആദിത്യ സർവതെയും ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ ഫോളോഓണിനു നിർബന്ധിതരായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിപ്പോഴും കാര്യവട്ടത്തെ പിച്ചിൽ ബിഹാർ ബാറ്റർമാർ വിയർത്തു. സക്സേനയുടെ പന്തുകൾ ബാറ്റർമാരെ വട്ടംകറക്കി. സ്കോർബോർഡിൽ 100 റണ്‍സെത്തിയപ്പോഴേക്കും ബിഹാറിന്റെ ആറു മുൻനിര ബാറ്റ്സ്മാൻമാർ പവലിയനിലെത്തി.
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 60 റണ്‍സ് എന്ന നിലയിൽ നിന്ന് 118 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ മത്സരത്തിൽ രണ്ടു ദിവസം ബാക്കി നില്‍ക്കെ കേരളം ഇന്നിംഗ്സ് ജയം സ്വന്തമാക്കി. സക്സേന (11.1-6-34-5) തിളങ്ങി. സർവതെ മൂന്നും നിധീഷും വൈശാഖും ഓരോ വിക്കറ്റും നേടി.
രണ്ട് ഇന്നിംഗ്സുകളിലായി 62.2 ഓവർ മാത്രമാണുസന്ദർശക ടീമിനു ബാറ്റ് ചെയ്യാൻ കഴിഞ്ഞത്. ഒന്നാം ഇന്നിംഗ്സിലെ ലീഡിനു ലഭിച്ച ഒരു പോയിന്റ് ഉൾപ്പെടെ ഈ മത്സരത്തിൽനിന്ന് ഏഴു പോയിന്റാണു കേരളം നേടിയത്.
റിക്കാർഡിൽ സക്സേന
ബിഹാറിനെതിരായ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനത്തോടെ രഞ്ജി ട്രോഫിയിൽ കൂടുതൽ ടീമുകൾക്കെതിരേ അഞ്ചു വിക്കറ്റ് നേടുന്ന താരമെന്ന റിക്കാർഡ് സക്സേനയുടെ പേരിലായി. സക്സേന അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന 19-ാമത്തെ ടീമാണു ബിഹാർ. മുൻ ഇന്ത്യൻ പേസർ പങ്കജ് സിംഗിന്റെ (18) റിക്കാർഡാണു മുപ്പത്തിയെട്ടുകാരനായ സക്സേന മറികടന്നത്. രഞ്ജിയിൽ 31-ാമത്തെ പ്രാവശ്യമാണ് സക്സേന അഞ്ചു വിക്കറ്റുകൾ നേടുന്നത്.
ഈ സീസണിന്റെ തുടക്കത്തിൽ, സക്സേന 6,000 റണ്‍സും 400 വിക്കറ്റും എന്ന അപൂർവ രഞ്ജി ട്രോഫി ഡബിൾ പൂർത്തിയാക്കി. ഈ നേട്ടത്തിലെത്തിയവരിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്ത ഏക ഓൾറൗണ്ടറുമാണ് ഈ മധ്യപ്രദേശുകാരൻ. രഞ്ജിയിൽ 421 വിക്കറ്റുകൾ ആകെ വീഴ്ത്തിയിട്ടുള്ള താരം വിക്കറ്റ് വേട്ടയിൽ ഏഴാാം സ്ഥാനത്താണ്.
2016-17 സീസണിലാണ് ജലജ് സക്സേന കേരളത്തിലേക്കു കളിക്കാൻ എത്തുന്നത്. അതിനു മുൻപ് മധ്യപ്രദേശിനായി തിളങ്ങിയ താരം 159 വിക്കറ്റുകളും 4041 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. സക്സേനയ്ക്ക് ഇതുവരെ ദേശീയ ടീമിൽ ഇടം ലഭിച്ചിട്ടില്ല.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും വിക്കറ്റ് വീഴ്ത്തിയവരിൽ കെ.എൻ. അനന്തപത്മാഭന്‍(310) പിന്നിൽ രണ്ടാമതാണ് സക്സേന.