സഞ്ജുവിനു പരിക്ക്
Tuesday, February 4, 2025 2:27 AM IST
മുംബൈ: ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനു പരിക്ക്. ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനിടെ ജോഫ്ര ആർച്ചറിന്റെ പന്തു കൊണ്ട് സഞ്ജുവിന്റെ ചൂണ്ടുവിരലിനു പരിക്കേറ്റതായാണ് വിവരം.
ഒരു മാസമെങ്കിലും താരത്തിനു വിശ്രമം വേണ്ടിവരുമെന്നും ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിചരണത്തിനുശേഷം മാത്രമേ പരിശീലനത്തിലേക്കു തിരിച്ചുവരൂ എന്നുമാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള റിപ്പോർട്ട്.
രഞ്ജി ക്വാർട്ടർ നഷ്ടം
പരിക്കേറ്റതോടെ കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ സഞ്ജുവിനു കളിക്കാൻ സാധിക്കില്ല. ജമ്മു കാഷ്മീരിനെതിരേ എട്ടു മുതൽ പൂനയിലാണ് കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടം. രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ പ്രവേശിക്കുന്നത് മൂന്നാം തവണ മാത്രമാണ്.
ഐപിഎല്ലിലൂടെ മാത്രമേ സഞ്ജു ഇനി സജീവ ക്രിക്കറ്റിലേക്കു തിരിച്ചെത്താൻ സാധ്യതയുള്ളൂ.