ജയിച്ച മുംബൈ ക്വാർട്ടറിനായി കാത്തിരിക്കുന്നു...
Sunday, February 2, 2025 12:09 AM IST
മുംബൈ: മിന്നും വിജയം നേടിയിട്ടും രഞ്ജി ട്രോഫിയിൽ ക്വാർട്ടർ സ്ഥാനം ഉറപ്പിക്കാനാകാതെ മുംബൈ. മേഘാലയയ്ക്കെതിരേ നടന്ന മത്സരത്തിൽ ഇന്നിംഗ്സിന്റെയും 456 റണ്‍സിന്റെയും കൂറ്റൻ ജയമാണ് മുംബൈ സ്വന്തമാക്കിയത്.
എന്നാൽ, പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ചാന്പ്യന്മാർക്ക് ജമ്മു കാശ്മീർ- ബറോഡ മത്സരത്തിലെ ഫലത്തെ ആശ്രയിച്ചാകും ക്വാർട്ടർ സാധ്യത. ബറോഡ പരാജയപ്പെട്ടാൽ മുംബൈക്ക് ക്വാർട്ടർ സ്ഥാനമുറപ്പിക്കാം.
ആദ്യ ഇന്നിംഗ്സിൽ 671ന് ഡിക്ലയർ ചെയ്ത മുംബൈ മേഘാലയയുടെ ആദ്യ ഇന്നിംഗ്സ് 86ലും രണ്ടാം ഇന്നിംഗ്സ് 129 റണ്‍സിലും അവസാനിപ്പിച്ചു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഷാർദുൽ ഠാക്കൂറും തനുഷ് കൊടിയനും ചേർന്നാണ് മേഘാലയയെ രണ്ടാം ഇന്നിംഗ്സിൽ പിടിച്ചുകെട്ടിയത്. കൊടിയൻ അഞ്ച് ഓവറിൽ 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ 84 റണ്‍സും 43 റണ്‍സിന് നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ 48 റണ്‍സ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തിയ ഷാർദുൽ ഠാക്കൂറാണ് കളിയിലെ താരം. സ്കോർ: മേഘാലയ: 86, 129. മുംബൈ: 671/7 ഡിക്ലയേർഡ്.
കോഹ്ലി ആരാധകർക്ക് നിരാശ
വിരാട് കോഹ്ലിയുടെ വരവോടെ ശ്രദ്ധയാകർഷിച്ച ഡൽഹി- റെയിൽവേസ് മത്സരത്തിൽ ഡൽഹിക്ക് തകർപ്പൻ ജയം. ഇന്നിംഗ്സിനും 19 റണ്‍സിനുമാണ് റയിൽവേസിനെ തോൽപ്പിച്ചത്. റെയിൽവേസ് ആദ്യ ഇന്നിംഗ്സിൽ 241 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിൽ ഡൽഹി 374 റണ്‍സെടുത്ത് ലീഡ് നേടി. 133 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ റയിൽവേസിന്റെ രണ്ടാം ഇന്നിംഗ്സ് 114ൽ അവസാനിച്ചു. ഇതോടെ രണ്ടാം ഇന്നിംഗ്സിൽ കോഹ്ലിയുടെ ബാറ്റിംഗ് പ്രതീക്ഷിച്ചിരുന്ന ആരാധകരും നിരാശരായി. ആദ്യ ഇന്നിംഗ്സിൽ കോഹ്ലി പതിനഞ്ച് പന്തിൽ ആറു റണ്‍സിൽ പുറത്തായിരുന്നു. ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനത്താണ് ഡൽഹി.
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരത്തിന്റെ മൂന്നാം ദിനം കോഹ്ലിയെ അടുത്ത് കാണാൻ മൂന്ന് ആരാധകർ ഗ്രൗണ്ടിൽ പ്രവേശിച്ചു. ലഞ്ച് ബ്രെയ്ക്കിനു തൊട്ടുമുൻപുള്ള ഓവറിൽ കോഹ്ലി കവർ പൊസിഷനിൽ ഫീൽഡ് ചെയ്യുന്ന സമയമായിരുന്നു സംഭവം. ആദ്യ ദിവസവും സമാന സംഭവം ഉണ്ടായി.
അതേസമയം, മറ്റൊരു സീനിയർ താരം കർണാടകയുടെ കെ.എൽ. രാഹുലും നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സിൽ 26 റണ്‍സെടുത്ത രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 43 റണ്‍സിന് പുറത്തായി.