അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ
Saturday, February 1, 2025 12:29 AM IST
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ. നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെതിരേ ആധികാരിക ജയത്തോടെയാണു ഫൈനലിലെത്തിയത്.
തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 113 റണ്‍സ്. മറുപടി ബാറ്റിംഗിൽ ഒരിക്കൽക്കൂടി ഓപ്പണർമാർ തിളങ്ങിയതോടെ, 30 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയിരിക്കേ 106 റണ്‍സ് നേടി വിജയത്തിലെത്തി.
ഓൾറൗണ്ട് ഇന്ത്യ
ടൂർണമെന്റിൽ കഴിഞ്ഞ മത്സരങ്ങളിലെകളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യയുടെ സെമി വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണർ ഡേവിന പെറിൻ (45), ക്യാപ്റ്റൻ അബി നോർഗ്രോവ് (30) എന്നിവർക്കു മാത്രമാണു ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
പരുണിക സിസോദിയ, വൈഷ്ണവി ശർമ എന്നിവർ മൂന്നും ആയുഷി ശുക്ല രണ്ടും വിക്കറ്റ് വീഴ്ത്തി. ചെറിയ ലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ കളിച്ചത്.
ഓപ്പണിംഗ് കൂട്ടുകെട്ടിൽ ജി. കമാലിനിയും ഗൊൻഗാഡി തൃഷയും 60 റണ്‍സാണു നേടിയത്. ടൂർണമെന്റിൽ നിലവിലെ ടോപ് സ്കോററായ തൃഷ 20 പന്തിൽ അഞ്ച് ഫോറുകളോടെ 35 റണ്‍സെടുത്ത് പുറത്തായി.
പിന്നീട് കമാലിനി- സനിക ചാൽകെ സഖ്യം പിരിയാതെ നേടി 57 റണ്‍സ് ടീമിനെ ജയത്തിലെത്തിച്ചു. 50 പന്തിൽ എട്ടു ഫോറുകളോടെ 56 റണ്‍സെടുത്ത ജി.കമാലിനി ടോപ് സ്കോററായി. സനിക ചാൽകെ 12 പന്തിൽ ഒരു ഫോർ സഹിതം 11 റണ്‍സെടുത്തു.