റിക്കാർഡ് അഭിഷേകം
Monday, February 3, 2025 12:58 AM IST
മുംബൈ: അഭിഷേക് ശർമ മിന്നൽ സെഞ്ചുറിയിലൂടെ റിക്കാർഡ് അഭിഷേകം നടത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ 150 റൺസിനു കീഴടക്കി ഇന്ത്യയുടെ സംഹാര താണ്ഡവം. അഞ്ചാം ട്വന്റി-20യിൽ ആധികാരിക ജയം നേടിയതോടെ പരന്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. 54 പന്തിൽ 13 സിക്സും ഏഴു ഫോറും അടക്കം 135 റൺസാണ് അഭിഷേക് ശർമ അടിച്ചുകൂട്ടിയത്. 250 ആയിരുന്നു അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ്. ഏഴു പന്തിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 16 റൺസ് നേടിയ സഞ്ജു സാംസൺ ആയിരുന്നു ഇന്ത്യൻ ആക്രമണത്തിനു തുടക്കമിട്ടത്.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറിൽ 97നു പുറത്തായി. മുഹമ്മദ് ഷമി മൂന്നും വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്.
17 പന്തിൽ 50
നേരിട്ട 17-ാം പന്തിൽ അഭിഷേക് ശർമ അർധസെഞ്ചുറി തികച്ചു. രാജ്യാന്തര ട്വന്റി-20 ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗത്തിലുള്ള രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. 2007ൽ ഇംഗ്ലണ്ടിനെതിരേ യുവരാജ് സിംഗ് 12 പന്തിൽ അർധസെഞ്ചുറി പിന്നിട്ടതാണ് റിക്കാർഡ്.
37 പന്തിൽ 100
നേരിട്ട 37-ാം പന്തിൽ അഭിഷേക് ശർമ സെഞ്ചുറിയിലെത്തി. ഐസിസി ഫുൾ മെന്പർമാരായ രണ്ടു ടീമുകൾ തമ്മിലുള്ള മത്സര ചരിത്രത്തിൽ അതിവേഗത്തിലുള്ള രണ്ടാമത് സെഞ്ചുറിയാണിത്. ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയുടെ രോഹിത് ശർമയും 35 പന്തിൽ സെഞ്ചുറി നേടിയിട്ടുണ്ട്.
അടിച്ചു കൂട്ടിയത് 135
രാജ്യാന്തര ട്വന്റി-20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് അഭിഷേക് ശർമ ഇന്നലെ 54 പന്തിൽ സ്വന്തമാക്കിയ 135 റണ്‍സ്. 2023 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരേ ശുഭ്മാൻ ഗിൽ നേടിയ 126 നോട്ടൗട്ട് ഇതോടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
പവർപ്ലേ 95/1
രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ പവർപ്ലേയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറും ഇന്നലെ വാങ്കഡേയിൽ പിറന്നു. ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 95 റണ്‍സ് ഇന്ത്യ പവർപ്ലേയിൽ അടിച്ചുകൂട്ടി.
വാങ്കഡേ റിക്കാർഡ് 247
വാങ്കഡേയിൽ ഒരു ട്വന്റി-20 പോരാട്ടത്തിൽ പിറന്ന ഏറ്റവും വലിയ സ്കോറാണ് ഇന്ത്യ ഇന്നലെ കുറിച്ച 247/9. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മേഘാലയയ്ക്കെതിരേ മധ്യപ്രദേശ് 244 നേടിയതായിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്ത്.