സിറ്റിയിൽ പീരങ്കി വിളയാട്ടം
Tuesday, February 4, 2025 2:27 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ നിലംപരിശാക്കി ആഴ്സണലിന്റെ പടയോട്ടം. ഹോം മത്സരത്തിൽ പീരങ്കിപ്പട 5-1നു മാഞ്ചസ്റ്റർ സിറ്റിയെ തകർത്തെറിഞ്ഞു.
ആദ്യ പകുതിയിൽ മാർട്ടിൻ ഒഡെഗാഡിന്റെ (2’) ഗോളിൽ ലീഡ് നേടിയ ആഴ്സണലിനെ രണ്ടാം പകുതിയുടെ തുടക്കത്തിൽ എർലിംഗ് ഹാലണ്ടിന്റെ (55’) ഗോളിലൂടെ സിറ്റി സമനിലയിൽ പിടിച്ചു.
എന്നാൽ, പിന്നീടങ്ങോട്ട് പീരങ്കിപ്പട നിർത്താതെ ശബ്ദിച്ചു. തോമസ് പാർട്ടി (56’), മൈൽസ് ലൂയിസ് സ്കെല്ലി (62’), കായ് ഹവേർട്ട്സ് (76’), ഏഥൻ എൻവാനേരി (90+3’) എന്നിവരായിരുന്നു ആഴ്സണലിനായി സിറ്റിയുടെ വല നിറച്ചത്.
2024-25 സീസണ് പ്രീമിയർ ലീഗിൽ ആഴ്സണൽ തോൽവി അറിയാതെ തുടർച്ചയായി 14 മത്സരങ്ങൾ പൂർത്തിയാക്കി. പെപ് ഗ്വാർഡിയോളയുടെ സിറ്റി ഈ സീസണിൽ നാലാം തവണയാണ് നാലോ അതിൽ കൂടുതലോ ഗോൾ വഴങ്ങുന്നത്.
ജയത്തോടെ പ്രീമിയർ ലീഗ് കിരീട പോരാട്ടം ആഴ്സണൽ സജീവമായി നിലനിർത്തി. 23 മത്സരങ്ങളിൽനിന്ന് 56 പോയിന്റുമായി ഒന്നാമതുള്ള ലിവർപൂളിനു പിന്നിൽ 24 മത്സരങ്ങളിൽ 50 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്തുണ്ട്. 41 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി നാലാമതാണ്. നോട്ടിങാം ഫോറസ്റ്റാണ് (47) മൂന്നാമത്.