“സാന്റോസ് പിടിവള്ളി”
Sunday, February 2, 2025 12:09 AM IST
ബ്രസീലിയ: വർഷങ്ങൾക്കുശേഷം സാന്റോസ് എഫ്സിയിലേക്കു തിരിച്ചെത്തിയ ബ്രസീൽ സൂപ്പർ താരം നെയ്മർ ക്ലബ് ആരാധകർക്കു മുന്നിൽ കണ്ണീരണിഞ്ഞു.
തന്റെ ഫുട്ബോൾ കരിയറിലെ പിടിവള്ളിയാണ് സാന്റോസിലേക്കുള്ള തിരിച്ചുവരവ് എന്ന് നെയ്മർ പറഞ്ഞു. സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ എഫ്സിയിൽനിന്നാണ് നെയ്മർ തന്റെ കുട്ടിക്കാല ക്ലബ്ബായ സാന്റോസിലേക്ക് എത്തിയത്.
2009 മുതൽ 2013വരെ സാന്റോസിൽ കളിച്ചശേഷമാണ് നെയ്മർ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്കു ചേക്കേറിയത്. തുടർന്ന് 2017 മുതൽ 2023വരെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ കളിച്ചു. 2023ൽ സൗദിയിലെത്തിയ നെയ്മർ പരിക്കിനെത്തുടർന്ന് നീണ്ട വിശ്രമത്തിലായി.
18 മാസം നീണ്ട സൗദി ജീവിതത്തിനിടെ അൽ ഹിലാലിനുവേണ്ടി വെറും ഏഴു മത്സരങ്ങളിൽ മാത്രമാണ് നെയ്മർ കളിച്ചത്. നേടിയത് ഒരു ഗോളും.