കാൽപ്പന്ത് ഫൈനൽ
Thursday, February 6, 2025 4:06 AM IST
ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരള പുരുഷ ഫുട്ബോള്‍ ടീം ഫൈനലിൽ. ആവേശകരമായ സെമി പോരാട്ടത്തില്‍ ആസാമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 നു പരാജയപ്പെടുത്തിയാണ് കേരളം ഫൈനലില്‍ എത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഉത്തരാഖണ്ഡാണ് കേരളത്തിന്റെ എതിരാളി.
ഒട്ടേറെ ഗോളവസരങ്ങള്‍ കേരളത്തിന് ലഭിച്ചിരുന്നു. അതൊന്നും ലക്ഷ്യം കാണാനായില്ല. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു കടന്നത്. ആസാമിന്റെ ആദ്യ രണ്ട് കിക്കുകള്‍ കേരള ഗോള്‍ കീപ്പര്‍ അല്‍കേഷ് തടഞ്ഞിട്ടു. മൂന്നാമത്തേത് ക്രോസ്ബാറില്‍ തട്ടി പുറത്തേക്കും പോയി. കേരളം രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. കേരളത്തിനായി അജയ് അലക്സ്, സച്ചിൻ, ബിജേഷ് എന്നിവർ സ്കോര്‍ ചെയ്തു.
മത്സരത്തിനിടെ കേരളത്തിന്റെ എസ്. സെബാസ്റ്റ്യന്‍, പി. അദില്‍ എന്നിവര്‍ക്കു പരിക്കേറ്റു. സെബാസ്റ്റ്യന്‍ ഫൈനലില്‍ കളിക്കുന്ന കാര്യം സംശയമാണ്. 1997ല്‍ ബംഗളൂരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ ഗോവയില്‍ വെങ്കലമായിരുന്നു.