റഷ്യയിൽനിന്ന് ഓയിൽ ഇറക്കുമതിയിൽ ഇടിവ്
Tuesday, December 17, 2024 12:00 AM IST
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവിൽ വൻ ഇടിവ്. നവംബറിൽ റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 55 ശതമാനം കുറവാണെന്ന് സെന്റർ ഫോർ റിസർച്ച് ഓണ് എനർജി ആൻഡ് ക്ലീൻ എയർ (സിആൽഇഎ) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. 2022 ജൂണിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇറക്കുമതിയിൽ ഇടിവുണ്ടായെങ്കിലും റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ സ്രോതസ്.
2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നടത്തിനുശേഷം, റഷ്യയിൽനിന്ന് കൂടുതൽ ക്രൂഡ് വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി. റഷ്യയുടെ ക്രൂഡ് വാങ്ങൽ രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 1% ൽ നിന്ന് 40% ആയി ഉയർന്നു.
നവംബറിൽ, ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ പ്രതിമാസ ഇറക്കുമതിയിൽ 11% ഇടിവുണ്ടായി. റഷ്യൻ ക്രൂഡ് ഇറക്കുമതി 55% കുത്തനെ ഇടിഞ്ഞു. ഇന്ത്യ 85% ക്രൂഡ് ഓയിലിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
റഷ്യൻ ക്രൂഡ് കയറ്റുമതിയുടെ 47 ശതമാനം ചൈനയിലേക്കാണ്. ഇന്ത്യ 37 ശതമാനവും വാങ്ങുന്നു. യൂറോപ്യൻ യൂണിയനും തുർക്കിയും ആറു ശതമാനം വീതവും.
2022 ഡിസംബറിൽ, ജി7 രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ എന്നിവ റഷ്യൻ ക്രൂഡിന് ഉപരോധം ഏർപ്പെടുത്തുകയും റഷ്യയുടെ യുദ്ധശ്രമങ്ങൾക്കുള്ള ധനസഹായം നിയന്ത്രിക്കുന്നതിനായി ബാരലിന് 60 ഡോളർ വില നിശ്ചയിക്കുകയും ചെയ്തു.
വില പരിധിയും ഉപരോധവും റഷ്യയുടെ വരുമാനത്തെ സാരമായി ബാധിച്ചു, പുതിയ എണ്ണ വിപണികളും ബദൽ മാർഗങ്ങളും തേടാൻ രാജ്യത്തെ പ്രേരിപ്പിച്ചു. വിപണി പിടിക്കാൻ റഷ്യ തങ്ങളുടെ യുറൽസ്-ഗ്രേഡ് ക്രൂഡിന് കുത്തനെയുള്ള കിഴിവുകൾ വാഗ്ദാനം ചെയ്തു.