എംപോക്സ് വാക്സിൻ നിർമാണം; സിറം ഇൻസ്റ്റിറ്റ്യൂട്ടും ബവേറിയൻ നോർഡിക്കും കരാറിലായി
Tuesday, December 17, 2024 12:00 AM IST
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ബവേറിയൻ നോർഡിക് എ/എസ് കരാറിലായി.
ഡാനിഷ് ബയോടെക് സ്ഥാപനത്തിന്റെ എംപോക്സ് വാക്സിൻ നിർമിക്കാനുള്ള കരാറിലാണ് ഏർപ്പെട്ടത്. ബവേറിയൻ നോർഡിക് കന്പനി സിറം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാങ്കേതികവിദ്യകൾ കൈമാറും.
അതിനാൽ വാക്സിൻ നിർമാതാവിന് ഇന്ത്യൻ വിപണിയിലേക്കു വാക്സിൻ വിതരണം ചെയ്യാൻ കഴിയും. ഈ കരാർ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള വിപുലീകരണ സാഹചര്യമൊരുക്കും. ലാഭം പങ്കിടുന്ന മാതൃകയിലാണ് കരാർ തയാറാക്കിയിരിക്കുന്നത്.
എംപോക്സ് കുത്തിവയ്പ്പുള്ള ചുരുക്കം ചില വാക്സിൻ നിർമാതാക്കളിൽ ഒന്നാണ് ബവേറിയൻ. 2022-ൽ ലോകമെന്പാടും രോഗം വ്യാപിച്ച സമയത്ത് അതിന്റെ വാക്സിനുകൾ രോഗനിയന്ത്രണത്തിൽ നിർണായക പങ്ക് വഹിച്ചു.