അര്‍ക്കാഡിയ, രുചിപ്പെരുമയുടെ മുന്‍നിര ഹോട്ടല്‍ സംരംഭം
Tuesday, December 17, 2024 12:00 AM IST
ജോമി കുര്യാക്കോസ്
കോട്ടയത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതി അക്ഷരനഗരിക്ക് അഭിമാനം പകര്‍ന്ന് രുചിയുടെ ആസ്വാദ്യത സമ്മാനിക്കുന്ന അക്കാര്‍ഡിയ ഹോട്ടല്‍ രജതജൂബിലി നിറവില്‍.
1974ല്‍ ഗാനഗന്ധര്വന് കെ.ജെ. യേശുദാസും അനശ്വരനടന്‍ എസ്.പി. പിള്ളയും ചേര്‍ന്നു തിരിതെളിച്ച അര്‍ക്കാഡിയ ഇന്നു ഉയരങ്ങള്‍ താണ്ടുകയാണ്. വിഭവസമൃദ്ധിയും രുചിവൈവിധ്യവുമായി തലമുറകളെ ബന്ധിക്കുന്ന ഭക്ഷണശാലയായി അര്‍ക്കാഡിയ ആദരവും അംഗീകാരവും സ്വന്തമാക്കിയിരിക്കുന്നു.
സിന്‍ഡിക്കറ്റ് ബാങ്കിന്റെ പുനലൂര്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന ടി.എം. തോമസ് എന്ന അര്‍ക്കാഡിയ തോമാച്ചനെ മാതൃസഹോദരന്റെ ഹോട്ടല്‍ സംരംഭത്തില്‍നിന്നു ലഭിച്ച പരിചയവും അനുഭവവുമാണ് ഹോട്ടല്‍ രംഗത്തെത്തിച്ചത്.
അര്‍ക്കാഡിയ ഹോട്ടലില്‍ എത്തുന്നവരുടെ തൃപ്തിയാണ് ഉടമയായ തനിക്കും സംതൃപ്തിയെന്ന് ടി.എം. തോമസ് അടിയുറച്ചു വിശ്വസിക്കുന്നു. എംബിഎ ബിരുദദാരികളായ മക്കള്‍ ടോം തോമസ്, ജിം തോമസ് എന്നിവരുടെ നേതൃപാടവവും ആത്മാര്‍ഥതയും ഹോട്ടല്‍ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടാകുന്നു.
50 വര്‍ഷം പിന്നിടുന്ന അർക്കാഡിയ ഹോട്ടല്‍ ശൃംഖല കോട്ടയത്തിനു പുറമേ, കറുകച്ചാലിലും ഏറ്റുമാനൂരിലും വിജയകരമായി പ്രവര്‍ത്തിക്കുന്നു. ചെറുതും വലുതുമായ അഞ്ച് ഓഡിറ്റോറിയങ്ങളുമായി കോട്ടയം അര്‍ക്കാഡിയ പുതിയ വികസന പാതയിലാണ്.
ടിബി റോഡിനു പുറമേ എംസി റോഡില്‍നിന്നും പ്രവേശിക്കാവുന്ന കാവാടവും ആധുനിക സൗകര്യ സംവിധാനങ്ങളോടു കൂടിയ മുറികളുമായി നവീകരിച്ച ഹോട്ടല്‍ കോട്ടയത്ത് പുതുവത്സരത്തില്‍ തുടക്കം കുറിക്കും. ഇരുന്നൂറിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കോട്ടയം അര്ക്കാഡിയയിലുണ്ടാകും.
അന്‍പതാം വര്‍ഷത്തിലേക്ക് കാല്‍വയ്ക്കുമ്പോള്‍ അര്‍ക്കാഡിയ ഹോട്ടല്‍ ശ്യംഖല വിപുലപ്പെടുത്തുകയാണ്. ലോക ടൂറിസം മാപ്പില്‍ ഇടംനേടിയ കുമരകത്ത് പുതിയ ഹോട്ടല്‍ ഉടന്‍ നിര്‍മാണം തുടങ്ങും.
മറ്റു ഹോട്ടലുകളില്‍നിന്നു വ്യത്യസ്തമായ ആസ്വാദ്യതയും ആദരവുമാണ് അര്‍ക്കാഡിയ തുടക്കം മുതല്‍ ഏവര്‍ക്കും നല്‍കിയത്. തലമുറകള്‍ ഇരുകൈയും നീട്ടി അര്ക്കാഡിയായെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തതോടെ അര്‍ക്കാഡിയയുടെ വളര്‍ച്ചയും തുടങ്ങി.
കോട്ടയത്ത് എത്തുന്നവര്‍ക്ക് വിഭവവൈവിധ്യതവും തെല്ലും കുറവില്ലാത്ത വിധം രുചിയും കൈമാറി 1970ല്‍ കോട്ടയം ടിബി റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുസമീപം തുറന്ന അര്‍ക്കാഡിയ റെസ്റ്ററന്റ് ഇന്ന് 14 നിലകളുള്ള വലിയ ഹോട്ടലായി മാറിക്കഴിഞ്ഞു.