ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്നു വിട
Saturday, April 26, 2025 2:11 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാൻ സിറ്റി: ജനപ്രിയ മാർപാപ്പയ്ക്ക് വിടചൊല്ലാൻ വത്തിക്കാൻ ഒരുങ്ങി. പൊതുദർശനം അവസാനിച്ചതോടെ ഇന്നലെ രാത്രി എട്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രാർഥനകൾക്കിടെ കമർലെങ്കോ കര്‍ദിനാള്‍ കെവിൻ ഫാരെലൻ മൃതദേഹപേടകം അടച്ചു. ഇന്നു രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും.
കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെ മുഖ്യകാർമികത്വം വഹിക്കും. സംസ്കാരശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും.
റികൺസിലിയേഷന്‍ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അന്‍പതോളം പേർ മാത്രമേ പള്ളിയകത്തെ സംസ്കാരകർമത്തിൽ സംബന്ധിക്കുകയുള്ളൂ.
അതേസമയം, ഫ്രാൻസിസ് മാർപാപ്പയ്ക്കു വിടചൊല്ലാൻ ലോകമെങ്ങുംനിന്നുള്ള നേതാക്കളും വിശ്വാസികളും വത്തിക്കാനിലേക്കു പ്രവഹിക്കുകയാണ്. ഇന്നത്തെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി ഇന്നലെ അർധരാത്രിയിൽത്തന്നെ ആളുകൾ ക്യൂവിൽ നിരന്നുകഴിഞ്ഞിരുന്നു.
വിമാനത്താവളത്തിലേതിനു സമാനമായ ത്രിതല സുരക്ഷാസംവിധാനത്തിലൂടെയാണ് ആളുകളെ ചത്വരത്തിൽ പ്രവേശിപ്പിക്കുന്നത്. 170 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇതിൽ ഏകദേശം 50 രാഷ്ട്രത്തലവന്മാരും പത്ത് രാജകുടുംബാംഗങ്ങളും ഉൾപ്പെടുന്നു.
ലോകനേതാക്കളുടെ, സമീപകാലത്തെ ഏറ്റവും വലിയ ഒത്തുചേരലിനായിരിക്കും വത്തിക്കാൻ ഇന്നു സാക്ഷ്യം വഹിക്കുന്നത്. ഏകദേശം മൂന്നു ലക്ഷം പേർ സംസ്കാരച്ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാൻ ഇന്നലെയും വത്തിക്കാനിലേക്ക് ജനപ്രവാഹമായിരുന്നു.
രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വത്തിക്കാനിൽ എത്തി.
ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു. ഇന്നത്തെ സംസ്കാരശുശ്രൂഷയിലും രാഷ്ട്രപതി പങ്കെടുക്കും.
രാഷ്ട്രപതിക്കൊപ്പം കേന്ദ്ര പാർലമെന്ററികാര്യ-ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസ എന്നിവരുമുണ്ട്.
കേരളത്തിൽനിന്നു സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലെത്തി. വത്തിക്കാനിലെത്തിയ രാഷ്ട്രപതിയെ കർദിനാൾ മാർ ജോർജ് കൂവക്കാട്ടും സിബിസിഐ പ്രസിസന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ചേർന്ന് സ്വീകരിച്ചു.