ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിൽ
Wednesday, April 23, 2025 2:11 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച. അന്നു രാവിലെ പത്തിനു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ശുശ്രൂഷകൾ ആരംഭിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതികദേഹം കബറടക്കുക. വത്തിക്കാനിൽനിന്ന് നാലു കിലോമീറ്റർ അകലെ, റോം സെൻട്രൽ റെയിൽവേ സ്റ്റേഷനടുത്ത് എസ്ക്വിലീൻ കുന്നിലാണ് ഈ പള്ളി. ഏഴു മാർപാപ്പമാരെ ഈ പള്ളിയിൽ കബറടക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം മസ്തിഷ്കാഘാതവും തുടർന്നുള്ള ഹൃദയസ്തംഭനവുമാണെന്ന് വത്തിക്കാൻ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 7.35ന് ദിവംഗതനായ പരിശുദ്ധ പിതാവിന്റെ ഭൗതികദേഹം അന്നു വൈകുന്നേരം തന്നെ തുറന്ന പെട്ടിയിലാക്കി, അദ്ദേഹം ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന സാന്താ മാർത്ത ഗസ്റ്റ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ചാപ്പലിലേക്കു മാറ്റി.
പരിശുദ്ധ പിതാവിന്റെ വിയോഗത്തോടെ സഭയുടെ ഇടക്കാല ചുമതലകൾ നിർവഹിക്കാൻ ചുമതലപ്പെട്ട ‘കമർലെങ്കോ’ കർദിനാൾ കെവിൻ ഫാരെൽ ആണ് ശുശ്രൂഷകൾക്കു നേതൃത്വം നൽകിയത്.
ചുവന്ന തിരുവസ്ത്രങ്ങൾ ധരിച്ച് കൈയിൽ ജപമാല പിടിച്ച് തടിപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന ഭൗതികദേഹത്തിനു മുന്നിൽ വത്തിക്കാൻ ജീവനക്കാർ അന്ത്യാഞ്ജലികൾ അർപ്പിച്ചു. ഇതോടൊപ്പം സാന്താ മാർത്ത ഗൗസ്റ്റ് ഹൗസിലെ രണ്ടാം നിലയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വസതിയും അപ്പസ്തോലിക കൊട്ടാരത്തിലെ മൂന്നാം നിലയിലുള്ള പേപ്പൽ വസതിയും കമർലെങ്കോ പൂട്ടി മുദ്രവച്ചു.
പരിശുദ്ധ പിതാവിന്റെ മൃതദേഹം ഇന്നു രാവിലെ ചാപ്പലിൽനിന്നു പ്രദക്ഷിണമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യകവാടത്തിലൂടെ അകത്തു കയറ്റി പൊതുദർശനത്തിനു വയ്ക്കും.
രാവിലെ ഒന്പതിന് ആരംഭിക്കുന്ന പ്രദക്ഷിണത്തിനും കർദിനാൾ ഫാരെൽ ആയിരിക്കും നേതൃത്വം നൽകുക. ശനിയാഴ്ച കബറടക്ക ചടങ്ങുകൾ ആരംഭിക്കുന്നതുവരെ പൊതുജനത്തിനു ബസിലിക്കയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും.
വത്തിക്കാനിലെത്തിച്ചേർന്ന കർദിനാൾമാർ ഇന്നലെ ചേർന്ന ആദ്യ പൊതുയോഗത്തിലാണ് (ജനറൽ കോൺഗ്രിഗേഷൻ) കബറടക്ക തീയതിയും സമയവും നിശ്ചയിച്ചത്. കർദിനാൾ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേ ആയിരിക്കും കബറടക്ക കുർബാനയ്ക്കു കാർമികത്വം വഹിക്കുക. കർദിനാൾമാർക്കു പുറമേ ലോകമെന്പാടുംനിന്നുള്ള മെത്രാന്മാരും വൈദികരും പങ്കെടുക്കും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പത്നി മെലാനിയയും കബറടക്ക ശുശ്രൂഷകൾക്കെത്തുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, മാർപാപ്പയുടെ സ്വദേശമായ അർജന്റീനയുടെ പ്രസിഡന്റ് ഹാവിയർ മിലേ, ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തുടങ്ങിയവരും പങ്കെടുക്കും.
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്കു ശേഷം ഭൗതികദേഹം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിലെത്തിച്ചു കബറടക്കും. നാലു പേപ്പൽ ബസിലിക്കകളിലൊന്നായ ഈ പള്ളിയിലെ ‘റോമിന്റെ സംരക്ഷകയായ പരിശുദ്ധ മറിയ’ത്തിന്റെ ചിത്രത്തോട് ഫ്രാൻസിസ് മാർപാപ്പ അഗാധഭക്തി പുലർത്തിയിരുന്നു.
മുൻഗാമികളെ അടക്കം ചെയ്തിരിക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയ്ക്കു പകരം തന്റെ ഭൗതികദേഹം ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നാണ് അദ്ദേഹം ഒസ്യത്തിൽ നിർദേശിച്ചിരിക്കുന്നത്.