മോദി- ട്രംപ് കൂടിക്കാഴ്ച: എഫ്-35 യുദ്ധവിമാനങ്ങൾ, 500 ബില്യൺ ഡോളറിന്റെ വ്യാപാരം
Saturday, February 15, 2025 1:52 AM IST
വാഷിംഗ്ടൺ ഡിസി: ഉഭയകക്ഷി വ്യാപാരത്തിലും പ്രതിരോധമേഖലയിലും കൂടുതൽ സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ധാരണയായി.
ഇന്നലെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.
2030ഓടെ 500 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിന് ധാരണയായി. അമേരിക്കയിൽനിന്ന് പെട്രോളിയം ഉത്പന്നങ്ങളും സൈനികോപകരണങ്ങളും ഇന്ത്യ വാങ്ങും. അഞ്ചാം തലമുറ എഫ്-35 യുദ്ധവിമാനങ്ങൾ അമേരിക്ക ഇന്ത്യക്കു നൽകും.
ലോകത്തിലെ ഏറ്റവും മാരകവും അത്യാധുനികവുമായ യുദ്ധവിമാനമാണ് എഫ്-35. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർസോണിക് വിമാനമാണിത്. 80-110 ദശലക്ഷം ഡോളറാണ് ഒരു എഫ്-35 വിമാനത്തിന്റെ വിലയെന്നാണു റിപ്പോർട്ട്. ഓസ്ട്രേലിയ, ഇറ്റലി, നോർവേ എന്നീ രാജ്യങ്ങൾ അമേരിക്കയിൽനിന്ന് എഫ്-35 സ്വന്തമാക്കിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറാനുള്ള നടപടിക്ക് അംഗീകാരം നൽകിയതായി ട്രംപ് അറിയിച്ചു. അക്രമിയായ മനുഷ്യനെ അമേരിക്ക ഇന്ത്യക്ക് കൈമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് തീവ്രവാദത്തിനെതിരേ ഒന്നിച്ചു പോരാടാനും ഇരുരാഷ്ട്രങ്ങളും ധാരണയിലെത്തിയതായും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ ലോസ് ആഞ്ചലസിലെ അതീവസുരക്ഷാ ജയിലിലാണ് പാക്കിസ്ഥാൻ വംശജനായ റാണയെ പാർപ്പിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയിലും ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കും. കാർഷികോത്പന്നങ്ങളുടെ വ്യാപാരം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, അമേരിക്കയ്ക്ക് തീരുവ ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് തത്തുല്യ തീരുവ (റെസിപ്രോക്കൽ) ചുമത്തുമെന്ന പ്രഖ്യാപനത്തിൽ ഇളവ് വരുത്താൻ ട്രംപ് തയാറായില്ല.
പ്രിയപ്പെട്ട സുഹൃത്തെന്ന് അഭിസംബോധന ചെയ്ത് ആലിംഗനം ചെയ്തായിരുന്നു മോദിയെ ട്രംപ് വൈറ്റ്ഹൗസില് സ്വീകരിച്ചത്. മോദി തന്റെ ഏറെനാളായുള്ള സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു. 44 മിനിറ്റ് നീണ്ട സംയുക്ത വാർത്താസമ്മേളനത്തിൽ മോദിയെ ട്രംപ് പുകഴ്ത്തുകയും ചെയ്തു.
ഇന്ത്യയിൽ മോദി മികച്ച രീതിയിലാണ് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത്. എല്ലാവരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം വലിയ നേതാവാണെന്നും ട്രംപ് വാചാലനായി. നല്ല സുഹൃത്ത്, നല്ല മനുഷ്യൻ എന്നും മോദിയെ ട്രംപ് വിശേഷിപ്പിച്ചു.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുമുന്പ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്, ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് തുൾസി ഗബ്ബാർഡ്, ശതകോടീശ്വരൻ ഇലോൺ മസ്ക്, റിപ്പബ്ലിക്കൻ പാർട്ടി നേതാവ് വിവേക് രാമസ്വാമി എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.