ഗാസ: അറബ് രാജ്യങ്ങൾ മറുപദ്ധതി തയാറാക്കുന്നു
Friday, February 14, 2025 11:49 PM IST
റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗാസാ പദ്ധതി തടയാനായി സൗദിയുടെ നേതൃത്വത്തിൽ അറബ് രാഷ്ട്രങ്ങൾ മറുപദ്ധതി തയാറാക്കുന്നതായി റിപ്പോർട്ട്.
പലസ്തീനികളെ പുറത്താക്കി ഗാസയെ സുഖവാസ കേന്ദ്രമാക്കി മാറ്റാനുള്ള ട്രംപിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്നു സൗദിയും മറ്റ് അറബ് രാജ്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നു.
സൗദിക്കു പുറമേ, ഈജിപ്ത്, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങൾ വൈകാതെ റിയാദിൽ യോഗം ചേരുന്നുണ്ട്. ട്രംപിന്റെ നിർദേശത്തിനു പകരം മറ്റൊരു പദ്ധതി തയാറാക്കി ട്രംപിനെക്കൊണ്ടുതന്നെ അംഗീകരിപ്പിക്കാനുള്ള നീക്കം യോഗത്തിൽ ചർച്ചയാകും. പലസ്തീൻ വിഷയത്തിൽ ഈജിപ്തിൽ ഈ മാസം 27നു ചേരുന്ന അറബ് ഉച്ചകോടിക്കു മുന്നോടിയായിട്ടാണ് ഈ യോഗം.
കുറഞ്ഞത് നാലു പദ്ധതികളെങ്കിലും അറബ് രാജ്യങ്ങളുടെ പരിഗണനയിലുണ്ട്. ഗാസയുടെ ഭരണത്തിനായി ഹമാസിനെ ഒഴിവാക്കി പലസ്തീൻ സമിതി രൂപവത്കരിക്കാനുള്ള ഈജിപ്ഷ്യൻ പദ്ധതിക്കാണ് ഇതിൽ ഏറ്റവും സ്വീകാര്യത ലഭിച്ചിരിക്കുന്നത്.
പലസ്തീനികളെ പുറത്താക്കാതെ അന്താരാഷ്ട്ര സഹകരണത്തോടെ ഗാസ പുനർനിർമിക്കാനും പദ്ധതിയിൽ നിർദേശിക്കുന്നു. ഇതിനായി ഗൾഫ് രാജ്യങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ഫണ്ട് രൂപീകരിക്കാനും ആലോചനയുണ്ട്.