ചെർണോബിലിനുനേരെയും റഷ്യൻ ആക്രമണം
Friday, February 14, 2025 11:49 PM IST
കീവ്: ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തമുണ്ടായ ചേർണോബിൽ നിലയത്തിനു നേർക്ക് റഷ്യ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആരോപിച്ചു.
അണുവികിരണം തടയാൻ നിലയത്തിൽ സ്ഥാപിച്ചിട്ടുള്ള സംരക്ഷണകവചത്തിൽ ഡ്രോൺ പതിച്ച് സ്ഫോടനമുണ്ടായി. ഇതേത്തുടർന്നുണ്ടായ തീപിടിത്തം ഉടൻതന്നെ അണച്ചു. ആക്രമണം മൂലം നിലയത്തിലെ അണുവികിരണ തോത് വർധിച്ചിട്ടില്ലെന്നു സെലൻസ്കി കൂട്ടിച്ചേർത്തു.
നിലയത്തിനുള്ളിലെ അണുവികിരണ തോതിൽ മാറ്റമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും സ്ഥിരീകരിച്ചു. 1986ൽ ചെർണോബിൽ നിലയം പൊട്ടിത്തെറിച്ച് ആണവകണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചിരുന്നു.
അണുവികിരണം തടയാനായി കോൺക്രീറ്റും ഉരുക്കുംകൊണ്ട് റിയാക്ടറിനുമേൽ കൂറ്റൻ കവചം തീർക്കുകയായിരുന്നു. ഡ്രോൺ ആക്രമണം മൂലം കവചത്തിനുണ്ടായ നാശത്തിന്റെ വീഡിയോ സെലൻസ്കി പുറത്തുവിട്ടു.
അതേസമയം, റഷ്യയാണ് ആക്രമണം നടത്തിയതെന്ന ആരോപണം ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് നിഷേധിച്ചു. റഷ്യൻ പട്ടാളം ഇതു ചെയ്യില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.