അഫ്ഗാൻ വംശജൻ ജനക്കൂട്ടത്തിലേക്കു കാറിടിച്ചുകയറ്റി
Friday, February 14, 2025 4:42 AM IST
ബെർലിൻ: തെക്കൻ ജർമനിയിലെ മ്യൂണിക് നഗരത്തിൽ അഫ്ഗാൻ അഭയാർഥി ജനക്കൂട്ടത്തിലേക്കു കാറിടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ 28 പേർക്കു പരിക്കേറ്റു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അടക്കമുള്ള ഉന്നതർ പങ്കെടുക്കുന്ന സുരക്ഷാ ഉച്ചകോടി മ്യൂണിക് നഗരത്തിൽ ഇന്ന് ആരംഭിക്കാനിരിക്കേയാണു സംഭവം. 24 വയസുള്ള അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ജാഥയിലേക്കാണു കാറിടിച്ചു കയറ്റിയത്. ജാഥ കടന്നുപോകവേ പോലീസ് വാഹനത്തിനു സമീപം കാർ നിർത്തിയ അക്രമി പെട്ടെന്നു വേഗം കൂട്ടി ഇടിച്ചുകയറ്റുകയായിരുന്നു.
മനഃപൂർവമുള്ള ആക്രമണമാണു നടന്നതെന്നു സംശയിക്കുന്നതായി മ്യൂണിക് ഉൾപ്പെടുന്ന ബവേറിയ സംസ്ഥാനത്തെ മുഖ്യമന്ത്രി മാർക്കസ് സോയിദർ പറഞ്ഞു. അതേസമയം, മ്യൂണിക് സുരക്ഷാ ഉച്ചകോടിയുമായി സംഭവത്തിനു ബന്ധമുണ്ടെന്നു കരുതുന്നില്ലെന്നു സംസ്ഥാന ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
ഉച്ചകോടി നടക്കുന്നതിന് ഒന്നര കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. ജെ.ഡി. വാൻസും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും അടക്കം ഉച്ചകോടിയിൽ പങ്കെടുന്ന നേതാക്കൾ ഇന്നലെ മ്യൂണിക്കിൽ എത്തിച്ചേർന്നു.