യുക്രെയ്ൻ: ഏകപക്ഷീയ നീക്കങ്ങളുമായി ട്രംപ്
Friday, February 14, 2025 4:42 AM IST
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും ബുധനാഴ്ച ഫോണിൽ ചർച്ച നടത്തിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുന്നതിനു പുടിനുമായി ധാരണയിലെത്തി.
പുടിനുമായി മുഖാമുഖ ചർച്ചയ്ക്കും തീരുമാനമായി. സൗദിയിലായിരിക്കും കൂടിക്കാഴ്ച. എന്നാൽ, കൂടിക്കാഴ്ചയുടെ തീയതി ട്രംപ് വ്യക്തമാക്കിയില്ല. അമേരിക്ക സന്ദർശിക്കാൻ പുടിനെ ട്രംപും റഷ്യ സന്ദർശിക്കാൻ ട്രംപിനെ പുടിനും ക്ഷണിച്ചതായും അറിയിപ്പിൽ പറയുന്നു.
പുടിൻ ട്രംപുമായി ചർച്ച നടത്തിയെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. സഹകരണത്തിനായുള്ള ട്രംപിന്റെ നിർദേശം പുടിൻ അംഗീകരിച്ചു. ഫോൺ ചർച്ച ഒന്നര മണിക്കൂർ നീണ്ടെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
ദീർഘകാല സമാധാനം സംബന്ധിച്ച് ട്രംപുമായി ചർച്ച നടത്തിയെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സ്ഥിരീകരിച്ചു. എന്നാൽ, യുക്രെയ്നെ ഒഴിവാക്കി ട്രംപും പുടിനും ഉണ്ടാക്കുന്ന സമാധാനധാരണ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന സുരക്ഷാ ഉച്ചകോടിക്കിടെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ നേരിട്ടു കാണുന്നുണ്ടെന്നും സെലൻസ്കി അറിയിച്ചു.
ഇതിനു പിന്നാലെ, യുക്രെയ്ൻ ചർച്ചയിൽ തങ്ങളെ ഒഴിവാക്കരുതെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങി ഏഴ് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. യുക്രെയ്ന്റെ ഭാവി സംബന്ധിച്ച ചർച്ചകളിൽ യൂറോപ്പും ഉണ്ടാകണം. യുക്രെയ്ന് സുരക്ഷാ ഉറപ്പുകൾ നല്കണമെന്നും സംയുക്ത പ്രസ്താവനയിൽ ഇവർ നിർദേശിച്ചു.
ട്രംപിന്റെ സമാധാന നീക്കങ്ങളിൽ യുക്രെയ്ന്റെ ആവശ്യങ്ങൾ നിരാകരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
യുക്രെയ്ന്റെ നാറ്റോ മോഹങ്ങൾ നടക്കില്ലെന്നു ട്രംപും പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തും കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കി. യുദ്ധത്തിനു മുന്പുള്ള യുക്രെയ്ൻ അതിർത്തി പുനഃസ്ഥാപിക്കപ്പെടില്ലെന്നും ട്രംപ് പറഞ്ഞു.
അനിഷ്ടം മറച്ചുവയ്ക്കാതെ യൂറോപ്പ്
ലണ്ടൻ: ട്രംപിന്റെ യുക്രെയ്ൻ സമാധാനനീക്കങ്ങളിൽ യൂറോപ്യൻ യൂണിയനും നാറ്റോയും ഉൾപ്പെടാത്തതിൽ എതിർപ്പ് പ്രകടമായി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടങ്ങാൻ താനും റഷ്യൻ പ്രസിഡന്റ് പുടിനും തീരുമാനിച്ചെന്നായിരുന്നു ട്രംപിന്റെ അറിയിപ്പ്.
എന്നാൽ, യുക്രെയ്നില്ലാതെ യുക്രെയ്ൻ വിഷയത്തിൽ ചർച്ചയുണ്ടാവില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി ജോൺ ഹീലി പ്രതികരിച്ചു. യുക്രെയ്ന്റെ നാറ്റോ അംഗത്വം ഉപേക്ഷിക്കപ്പെട്ട വിഷയമല്ലെന്ന് സ്വീഡിഷ് പ്രതിരോധമന്ത്രി പാൽ ജോൺസൻ പറഞ്ഞു.
സമാധാനനീക്കങ്ങളെ സ്വാഗതം ചെയ്യുന്നെങ്കിലും ചർച്ച ആരംഭിക്കുന്നതിനു മുന്പേ പുടിനോട് ട്രംപ് അടിയറവ് പറഞ്ഞെന്ന് ജർമൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് അഭിപ്രായപ്പെട്ടു.
റഷ്യ ഭാവിയിൽ കൂടുതൽ ഭൂമി പിടിച്ചെടുക്കില്ലെന്ന് ഉറപ്പുനല്കുന്ന സമാധാന ധാരണയാണു വേണ്ടെതെന്ന് നാറ്റോ മേധാവി മാർക്ക് റട്ടെ പറഞ്ഞു. ട്രംപിന്റെ നീക്കങ്ങൾ യുക്രെയ്ൻ സൈനികരെ വഞ്ചിക്കലല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മറുപടി നല്കി.