ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ
Thursday, January 23, 2025 11:10 PM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചലസ് കൗണ്ടിയുടെ വടക്കുഭാഗത്ത് ബുധനാഴ്ച ആരംഭിച്ച കാട്ടുതീ മണിക്കൂറുകൾക്കകം 9,400 ഏക്കർ പ്രദേശത്തേക്കു പടർന്നു.
വരൾച്ചയും കാറ്റുമാണ് തീപടരാൻ കാരണം. ബുധനാഴ് രാത്രിതന്നെ 31,000 പേരോട് നിർബന്ധമായും ഒഴിയണമെന്നാവശ്യപ്പെട്ടു. മറ്റൊരു 23,000 പേർക്കുകൂടി ഒഴിഞ്ഞുപോകൽ നിർദേശം നല്കിയിട്ടുണ്ട്. 4,000 അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമം തുടങ്ങി.
ലോസ് ആഞ്ചലസിൽ രണ്ടാഴ്ച മുന്പാരംഭിച്ച കാട്ടുതീ അണച്ചുതീരുന്നതിനു മുന്പാണ് പുതിയ കാട്ടുതീ അതിവേഗം പടരാൻ തുടങ്ങിയത്. അതേസമയം, മുൻ ദുരന്തങ്ങളിൽനിന്നു വ്യത്യസ്തമായി ഇപ്പോൾ കാട്ടുതീ ഉണ്ടായിരിക്കുന്ന സ്ഥലത്ത് കാര്യമായ ജനവാസമില്ല.
ജനുവരി ഏഴിനാരംഭിച്ച കാട്ടുതീകളിൽ 28 പേർ മരിക്കുകയും വീടുകളടക്കം 16,000 കെട്ടിടങ്ങൾ നശിക്കുകയുമുണ്ടായി. ഇതിൽ ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറുഭാഗത്ത് 95 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വ്യാപിച്ച പലിസേഡ്സ് എന്നു പേരുള്ള കാട്ടുതീയുടെ 68 ശതമാനം അണയ്ക്കാനേ കഴിഞ്ഞിട്ടുള്ളൂ. കിഴക്കുഭാഗത്ത് 14,021 ഏക്കർ ഭൂമിയിൽ പടർന്ന ഈറ്റൺ കാട്ടുതീ 91 ശതമാനം അണയ്ക്കാനായി.