വെസ്റ്റ് ബാങ്കിൽ ഇസ്രേലി ഓപ്പറേഷൻ; 10 പേർ കൊല്ലപ്പെട്ടു
Thursday, January 23, 2025 12:39 AM IST
രമള്ള: ഗാസ വെടിനിർത്തലാരംഭിച്ചു മൂന്നാം ദിനം ഇസ്രേലി സേന അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനിൻ നഗരത്തിലും അഭയാർഥി ക്യാന്പിലും വൻ ആക്രമണം ആരംഭിച്ചു. 10 പലസ്തീനികൾ കൊല്ലപ്പെടുകയും 40 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച ആരംഭിച്ച ഓപ്പറേഷനിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുക്കുന്നതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടനവധി വ്യോമാക്രമണങ്ങളുണ്ടായി. സൈനികർ നഗരത്തിലും അഭയാർഥി ക്യാന്പിലും പ്രവേശിച്ചു.
ജനിൻ അഭയാർഥി ക്യാന്പ് പൂർണമായും ഇസ്രേലി സേനയുടെ ഉപരോധത്തിലായി. ക്യാന്പിലേക്കും പ്രധാന ആശുപത്രികളിലേക്കുമുള്ള റോഡുകൾ ബുൾഡോസറുകൾ ഉപയോഗിച്ചു തകർത്തു.
വെടിയേറ്റവരിൽ മൂന്നു ഡോക്ടർമാരും രണ്ടു നഴ്സുമാരും ഉണ്ടെന്ന് ജനിൻ ഗവ. ആശുപത്രി ഡയറക്ടർ ഡോ. വിസാം ബക്കർ അറിയിച്ചു. രണ്ടു ഡോക്ടർമാരുടെ കാലിനാണു വെടിയേറ്റത്. ഈ റിപ്പോർട്ടുകൾ പരിശോധിച്ചു വരുന്നതായി ഇസ്രേലി സേന അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നു ചില വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ, പത്തു തീവ്രവാദികളെ വധിച്ചെന്നാണ് ഇസ്രയേലിലെ ഷിൻബെത്ത് സുരക്ഷാ ഏജൻസി അറിയിച്ചത്.
തീവ്രവാദത്തെ പരാജയപ്പെടുത്താനാണു ജനനിൽ വിപുലമായ ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ ഇസ്രേലി ഓപ്പറേഷനെ അപലപിച്ചു.
ഇതിനിടെ, വെസ്റ്റ്ബാങ്കിലെ അനധികൃത ഇസ്രേലി കുടിയേറ്റക്കാർ പലസ്തീനികൾക്കെതിരേ ആക്രമണം വർധിപ്പിച്ചു. തിങ്കളാഴ്ച രാത്രി മുഖംമറച്ച ഇസ്രേലികൾ രണ്ടു പലസ്തീൻ ഗ്രാമങ്ങളിലെ ഭവനങ്ങൾക്കും വാഹനങ്ങൾക്കും തീയിടുകയും സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.