ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി
Wednesday, January 22, 2025 12:20 AM IST
വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്കയുടെ സെക്കൻഡ് ലേഡി പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ചരിത്രമാണ് ഉഷ സ്വന്തമാക്കിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഉഷയെ പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും മതിയായില്ല.
പ്രസംഗത്തിൽ ഒരുവേള വൈസ് പ്രസിഡന്റായി ഉഷയെ തെരഞ്ഞെടുത്തേക്കുമായിരുന്നെന്നുവരെ ട്രംപ് പറഞ്ഞു. ചില കാരണങ്ങളാൽ അത് നടക്കാതെപോയി, ഉഷയുടെ ഭർത്താവും വൈസ് പ്രസിഡന്റുമായ ജെ.ഡി. വാൻസിനെനോക്കി ട്രംപ് പറഞ്ഞു.
ഉഷ മിടുക്കിയാണെന്നും ട്രംപ് പുകഴ്ത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച തന്റെ സംഘാംഗങ്ങളെ ട്രംപ് അഭിനന്ദിച്ചു.
ജെ.ഡി. വാൻസിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ജെഡി മികച്ച സെനറ്ററും മിടുക്കനുമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ഉഷ അതിലും മിടുക്കിയാണ്- ട്രംപ് പറഞ്ഞു.
ജെ.ഡി. വാന്സ് അമേരിക്കയുടെ 50-ാം വൈസ് പ്രസിഡന്റായി അധികാരമേറ്റതോടെ കമല ഹാരിസിന് പിന്നാലെ ഉഷ ഇന്ത്യയുടെ അഭിമാനമായി. പിങ്ക് കോട്ടിലായിരുന്നു ഉഷ ഭർത്താവിനൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
മകൾ മിരാബെൽ റോസും കൂടെയുണ്ടായിരുന്നു. 39 ാം വയസിൽ യുഎസ് സെക്കൻഡ് ലേഡി പദവിയിലെത്തുന്ന ഉഷ ഈ സ്ഥാനം ഏറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതയാണ്.
ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ വഡ്ലൂ സ്വദേശികളായ രാധാകൃഷ്ണൻ-ലക്ഷ്മി ദമ്പതികളുടെ മകളാണ് ഉഷ. 1980കളിലാണ് രാധാകൃഷ്ണയും ലക്ഷ്മിയും യുഎസിലെത്തിയത്.
യേൽ ലോ സ്കൂളിൽവച്ചാണ് ഉഷയും വാൻസും കണ്ടുമുട്ടിയത്. പ്രണയം 2014 ൽ ഇരുവരേയും വിവാഹത്തിലൂടെ ഒന്നാക്കി. ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്-ഇവാൻ, വിവേക്, മിരാബെൽ.