റഷ്യൻ സാന്പത്തിക മേഖല തളരുന്നു; പുടിന് ഉത്കണ്ഠ
Thursday, January 23, 2025 11:10 PM IST
മോസ്കോ: റഷ്യൻ സാന്പത്തികമേഖല തളർച്ച നേരിടാൻ തുടങ്ങിയെന്നും ഇത് പ്രസിഡന്റ് പുടിനെ ഉത്കണ്ഠപ്പെടുത്തുന്നതായും ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2022 ഫെബ്രുവരിയിൽ യുക്രെയ്നെ ആക്രമിക്കാൻ തുടങ്ങിയ റഷ്യക്കുമേൽ പാശ്ചാത്യ ശക്തികൾ കടുത്ത ഉപരോധങ്ങൾ ചുമത്തിയിരുന്നു. പാശ്ചാത്യരുടെ പ്രതീക്ഷ തെറ്റിച്ച് റഷ്യൻ സാന്പത്തികമേഖല വൻ വളർച്ച കാഴ്ചവച്ചു. എന്നാൽ, അടുത്ത മാസങ്ങളിൽ കാര്യങ്ങൾ തകിടംമറിഞ്ഞു.
എണ്ണയും വാതകവും മറ്റു പ്രകൃതിവിഭവങ്ങളും കുറഞ്ഞവിലയ്ക്കു കയറ്റി അയച്ചാണ് റഷ്യൻ സാന്പത്തികമേഖല ഉപരോധങ്ങളെ അതിജീവിച്ചത്. എന്നാൽ, സൈനിക ചെലവുകൾ വർധിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതും സാന്പത്തികമേഖലയ്ക്കു തിരിച്ചടിയായി.
ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കുന്നതാണു നല്ലതെന്ന തോന്നൽ റഷ്യൻ ഉന്നതർക്ക് ഉണ്ടായിത്തുടങ്ങിയെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ആരുടെയും മുന്നിൽ തലകുനിക്കില്ലെന്നും റഷ്യക്കിഷ്ടമുള്ള കാലത്തോളം യുദ്ധം തുടരുമെന്നുമാണ് പുടിൻ മുന്പു പറഞ്ഞിട്ടുള്ളത്.
യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുത്തുകൊണ്ട് യുദ്ധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.