ചൈനീസ് ഇറക്കുമതിക്ക് ചുങ്കം ചുമത്തുമെന്ന് ട്രംപ്
Thursday, January 23, 2025 12:39 AM IST
വാഷിംഗ്ടൺ ഡിസി: ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 10 ശതമാനം ചുങ്കം ചുമത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഫെബ്രുവരി ഒന്നിന് ഇതു നിലവിൽ വന്നേക്കും. ഫെന്റനിൽ എന്ന മാരക മയക്കുമരുന്ന് അമേരിക്കയിലെത്തുന്നതു തടയാൻ ചൈന നടപടികൾ എടുക്കാത്തതിന്റെ പേരിലാണു ചുങ്കം ചുമത്തുന്നതെന്നു ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമേരിക്ക നേരിടുന്ന ഏറ്റവും വലിയ മയക്കുമരുന്നു പ്രതിസന്ധിയാണ് ഫെന്റനിൽ ഉയർത്തുന്നത്. അനസ്തേഷ്യ ആവശ്യങ്ങൾക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന ഈ മരുന്ന് ചൈനീസ് കന്പനികൾ വ്യാപകമായി ഉത്പാദിപ്പിച്ച് മെക്സിക്കോ, കാനഡ വഴി അനധികൃതമായി അമേരിക്കയിലെത്തിക്കുന്നുവെന്നാണ് ആരോപണം. ഫെന്റനിലിന്റെ ആഗോള വിതരണശൃംഖല ആരംഭിക്കുന്നതു ചൈനയിലാണ്.
മെക്സിക്കോയ്ക്കും കാനഡയ്ക്കും 25 ശതമാനം ചുങ്കം ചുമത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി ട്രംപ് അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലെത്തിക്കാൻ സഹായം നല്കുന്നുവെന്ന ആരോപണവും ഈ രണ്ടു രാജ്യങ്ങൾ നേരിടുന്നുണ്ട്.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ചൈനയ്ക്കെതിരേ 30,000 കോടി ഡോളറിന്റെ ചുങ്കം ചുമത്തിയിരുന്നു. പിന്നീട് അധികാരമേറ്റ ജോ ബൈഡൻ ഇത് റദ്ദാക്കിയില്ല. പകരം, ചൈനയ്ക്കെതിരേ കൂടുതൽ നടപടികളെടുക്കുകയാണ് ചെയ്തത്. ഇതിനെല്ലാം പുറമേയായിരിക്കും ട്രംപ് ഇപ്പോൾ പറഞ്ഞ 10 ശതമാനം ചുങ്കം.
എച്ച്-1ബി വീസ നിർത്തില്ലെന്നു സൂചന
ഇന്ത്യയിലെ അതിസമർഥർക്കു ഗുണം കിട്ടുന്ന എച്ച്-1ബി വീസ പദ്ധതി നിർത്തലാക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞില്ല. കഴിവുള്ളവരെയും സമർഥരെയും രാജ്യത്തിനു വേണം. എച്ച്-1ബി വീസയിലുടെയാണ് അതു സാധ്യമാകുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. എച്ച്-1ബി വീസയിൽ ഭൂരിഭാഗവും സ്വന്തമാക്കുന്നത് ഇന്ത്യക്കാരാണ്.