കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിലേക്ക് 10,000 യുഎസ് സൈനികർ
Thursday, January 23, 2025 11:10 PM IST
വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റം തടയാനായി മെക്സിക്കൻ അതിർത്തിയിൽ 10,000 സൈനികരെ വിന്യസിക്കാനുള്ള നീക്കത്തിലാണു ട്രംപ് ഭരണകൂടമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അനധികൃതമായി യുഎസിൽ പ്രവേശിച്ചതിനു നാടുകടത്തൽ ഭീഷണി നേരിടുന്നവരെ തടവിലിടാനായി പ്രതിരോധ വകുപ്പിന്റെ താവളങ്ങൾ ഉപയോഗിക്കാനും നീക്കമുണ്ട്.
അധികാരമേറ്റ തിങ്കളാഴ്ചതന്നെ ട്രംപ് മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 1500 സൈനികരെ അതിർത്തിയിലേക്ക് അയയ്ക്കാനുള്ള ഉത്തരവ് ബുധനാഴ്ചയും ട്രംപ് പുറപ്പെടുവിച്ചു. 2500 സൈനികർ നേരത്തേതന്നെ അതിർത്തിയിലുണ്ട്. ഇതിനു പുറമേയാണ് പതിനായിരം ഭടന്മാരെക്കൂടി അയയ്ക്കുക.
കസ്റ്റംസ് -കുടിയേറ്റ വകുപ്പിനു കീഴിൽ കൂടുതൽ തടങ്കൽകേന്ദ്രങ്ങൾ സ്ഥാപിക്കാനും ഇതോടൊപ്പം ആലോചിക്കുന്നു. പ്രതിരോധ വകുപ്പിന്റെ താവളങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും.
ആയിരം പേരെ തടവിലിടാൻ ശേഷിയുള്ള 14 കേന്ദ്രങ്ങളും പതിനായിരം പേരെ തടവിലിടാവുന്ന നാലു കേന്ദ്രങ്ങളുമായിരിക്കും തുറക്കുക.