ഓസ്കറിൽ ചരിത്രമായി എമിലിയ പെരസ്
Thursday, January 23, 2025 11:10 PM IST
ലോസ് ആഞ്ചലസ്: ഓസ്കർ പുരസ്കാരങ്ങൾക്കുള്ള നാമനിർദേശപ്പട്ടിക പുറത്തുവിട്ടു. ഫ്രഞ്ച് സംവിധായകൻ ജാക്ക് ഓദിയാർദ് തയാറാക്കിയ സ്പാനിഷ് ചിത്രം ‘എമിലിയ പെരസ്’ 13 പുരസ്കാരങ്ങളുമായി മുന്നിട്ടു നിൽക്കുന്നു.
മികച്ച സിനിമ, നടി, ഛായാഗ്രഹണം, എഡിറ്റിംഗ്, അന്താരാഷ്ട്ര സിനിമ തുടങ്ങിയ വിഭാഗങ്ങളിലെ അവാർഡിനാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ ലഭിക്കുന്ന വിദേശചിത്രമെന്ന ബഹുമതിയും സ്വന്തമാക്കി.
ജോൺ എം. ചു സംവിധാനം ചെയ്ത മ്യൂസിക്കൽ ഫാന്റസി ചിത്രം ‘വിക്കഡ്’ 10 നാമനിർദേശങ്ങളുമായി രണ്ടാമതെത്തി. മികച്ച നടി, സഹനടി, എഡിറ്റിംഗ്, വിഷ്വൽ എഫക്റ്റ്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് നാമനിർദേശങ്ങൾ. ‘എ കംപ്ലീറ്റ് അൺനോൺ’, ‘കോൺക്ലേവ്’ എന്നീ ചിത്രങ്ങൾക്ക് എട്ടു വീതം നാമനിർദേശങ്ങൾ ലഭിച്ചു.
ഫെർണാണ്ട ടോറസ് (ചിത്രം ‘അയാം സ്റ്റിൽ ഹിയർ’), ഡെമി മൂർ (ദ സബ്സ്റ്റൻസ്), കാർല സോഫിയ ഗാസ്കൺ (എമിലിയ പെരസ്), സിന്തിയ എരിവോ (വിക്കഡ്), മൈക്കി മാഡിസൺ (അനോറ) എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനു മത്സരിക്കുന്നത്. അഡ്രിയാൻ ബ്രോഡി (ദ ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷാൽമെറ്റ് (എ കംപ്ലീറ്റ് അൺനോൺ), കോൾമൻ ഡൊമിംഗോ (സിംഗ് സിംഗ്), റാൽഫ് ഫിയന്നസ് (കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ (ദ അപ്രന്റിസ്) എന്നിവർ മികച്ച നടനുള്ള അവാർഡിനു നാമനിർദേശം നേടി.
ഇന്ത്യയിൽനിന്ന് ‘അനുജ’ എന്ന ഹ്രസ്വചിത്രം മികച്ച ലൈവ് ആക്ഷൻ ഷോർട്ട്ഫിലിം വിഭാഗത്തിൽ അവാർഡിനു പരിഗണിക്കാൻ തെരഞ്ഞെടുക്കപ്പെട്ടു. പായൽ കപാഡിയ സംവിധാനം ചെയ്ത് മലയാള നടി കനി കുസൃതി അഭിനയിച്ച ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’, പൃഥ്വിരാജ് അഭിനയിച്ച ‘ആടുജീവിതം’ എന്നിവ നാമനിർദശപ്പട്ടികയിൽ ഉൾപ്പെടാതിരുന്നത് ഇന്ത്യക്കാർക്കു നിരാശ സമ്മാനിച്ചു. മാർച്ച് രണ്ടിന് അവാർഡുകൾ പ്രഖ്യാപിക്കും