ആന മനുഷ്യനല്ല; ഹേബിയസ് കോർപ്പസ് തള്ളി യുഎസ് കോടതി
Thursday, January 23, 2025 11:10 PM IST
ഡെൻവർ: മൃഗശാലയിൽ കഴിയുന്ന അഞ്ച് ആഫ്രിക്കൻ ആനകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹേബിയസ് കോർപസ് ഹർജി അമേരിക്കയിലെ കൊളറാഡോ സംസ്ഥാന സുപ്രീംകോടതി തള്ളി.
ഹേബിയസ് കോർപസ് ഹർജി മനുഷ്യനു വേണ്ടിയുള്ളതാണെന്നും ആന മനുഷ്യനല്ലെന്നും ചൂണ്ടിക്കാട്ടി ആറംഗ ബെഞ്ച് ഐകകണ്ഠ്യേന വിധി പ്രസ്താവിക്കുകയായിരുന്നു.
കൊളറാഡോയിലെ ചെയ്നി മൗണ്ടൻ മ്യൂസിയത്തിലെ ആനകൾക്കുവേണ്ടി മൃഗാവകാശ സംഘടനയായ നോൺഹ്യൂമൻ റൈറ്റ്സ് പ്രോജക്ട് ആണു കോടതിയെ സമീപിച്ചത്. ബുദ്ധിയും സങ്കീർണ വൈകാരികതയുമുള്ള ആനകളെ മോചിപ്പിച്ച് സംരക്ഷണ കേന്ദ്രത്തിലാക്കണമെന്നായിരുന്നു ആവശ്യം. വാർധക്യം ബാധിച്ച ആനകൾ സംഘർഷ മാനസികാവസ്ഥയടക്കം പലവിധ പ്രശ്നങ്ങൾ നേരിടുന്നതായി സംഘടന ചൂണ്ടിക്കാട്ടി.
ആനയ്ക്ക് മനഃശാസ്ത്രപരമായും സാമൂഹികപരമായും സവിശേഷതകളുണ്ടെങ്കിലും മനുഷ്യനു തുല്യമല്ലെന്നു പറഞ്ഞ് ഹർജി കോടതി തള്ളുകയായിരുന്നു.