ട്രംപിന്റെ തീരുമാനങ്ങളിൽ ഞെട്ടി ലോകം
Wednesday, January 22, 2025 12:20 AM IST
വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയിൽനിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നുമുള്ള പിന്മാറ്റം മുതൽ അധികാരമേറ്റ് ആറു മണിക്കൂറിനകം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവുകളിൽ അന്പരന്ന് ലോകരാജ്യങ്ങൾ.
പാരീസ് കാലാവസ്ഥ ഉടന്പടിയില്നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെ ഏറെ ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്. കാലാവസ്ഥാ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്ക് ട്രംപിന്റെ തീരുമാനം നിരാശ പകരുന്നതാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫൈന്‍ ജാറിക് പറഞ്ഞു.
അമേരിക്കയുടെ ഭാവി പരിഗണിക്കാതെയുള്ള തീരുമാനമാണ് ട്രംപിന്റേതെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കുറ്റപ്പെടുത്തി. അമേരിക്കയുടെ തീരുമാനം തെറ്റാണെന്നും അംഗീകരിക്കാനാകാത്തതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു.
സ്വന്തം രാജ്യത്തിനും യൂറോപ്പിനും ഹാനികരമാണ് ട്രംപിന്റെ തീരുമാനങ്ങളെന്ന് ജര്‍മനി കുറ്റപ്പെടുത്തി. പാരീസ് കാലാവസ്ഥാ ഉടന്പടിയിലെ വ്യവസ്ഥകളിന്മേല് ചര്‍ച്ച വേണമെന്ന ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാനാകാത്തതാണെന്ന നിലപാടാണ് ജര്‍മനിക്കും ഇറ്റലിക്കും ഫ്രാന്‍സിനുമുള്ളത്.
അമേരിക്ക സാമ്പത്തിക സഹായം നിർത്തുന്നത് ലോകാരോഗ്യ സംഘടനയ്ക്ക് തിരിച്ചടിയാണ്.അമേരിക്കയാണ് സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില്‍ മുന്നിൽ.
സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ട്രംപ് നേരത്തെതന്നെ ഭീഷണി മുഴക്കിയിരുന്നു.
കോവിഡ് പടർന്നതിനുശേഷം ഡബ്യുഎച്ച്ഒ അതു തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്വം പറയേണ്ടതാണെന്നും ട്രംപ് പറഞ്ഞു.
കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടേതെന്ന് ട്രംപ് നേരത്തേ ആരോപിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമർശിച്ച ലോകാരോഗ്യ സംഘടന, വൈറസ് വ്യാപനത്തിനുമുമ്പ് ലഭിച്ച പല വിവരങ്ങളും മറച്ചുവച്ച് ചൈനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണു നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും
ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർ കാണുന്നത്. കുടിയേറ്റം നിയന്ത്രണവിധേയമാക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്.
നിലവിൽ യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് യുഎസ് പൗരത്വം ലഭിക്കും. ഇതാണ് ജന്മാവകാശ പൗരത്വം. വർഷങ്ങളായി നിലവിലുള്ള ഈ നിയമപ്രകാരം, നിയമവിരുദ്ധമായി രാജ്യത്തു താമസിക്കുന്നവർക്കും താത്കാലിക വീസകളിൽ (ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ) യുഎസിൽ താമസിക്കുന്നവർക്കും അവിടെ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിച്ചിരുന്നു. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി ട്രംപും അനുകൂലികളും പലപ്പോഴും വിമർശനമുന്നയിച്ചിട്ടുണ്ട്. യുഎസ് പൗരത്വം നേടുന്നതിന് കർശന മാനദണ്ഡങ്ങൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അടിസ്ഥാനമാക്കിയുള്ളതാണ് ജനനാടിസ്ഥാനത്തിലുള്ള പൗരത്വ അവകാശം. അതിനാൽ പുതിയ തീരുമാനം പ്രാവർത്തികമാക്കണമെങ്കിൽ നിരവധി നിയമതടസങ്ങൾ മറികടക്കേണ്ടതുണ്ട്. നിയമം പാസായാൽ അത് അമേരിക്കയിലെ 48 ലക്ഷത്തോളം ഇന്ത്യൻ വംശജരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
തങ്ങളുടെ കുട്ടിക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്നതിനായി പ്രസവിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് ഗർഭിണികൾ യുഎസിൽ പ്രവേശിക്കുന്നതെന്നും ബർത്ത് ടൂറിസം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ട്രംപ് പ്രചാരണവേളയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, മുന്‍പ് പ്രസിഡന്റായപ്പോഴും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജന്മാവകാശ പൗരത്വം നിർത്തലാക്കുക അത്ര എളുപ്പമല്ലെന്നും വാദിക്കുന്നവരുണ്ട്.