ഇളവിൽ ബഹളം; പാർലമെന്റിൽ ചർച്ചയായി അദാനി പാർക്ക്
Thursday, March 13, 2025 1:29 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാക്കിസ്ഥാൻ അതിർത്തിയിൽ സുരക്ഷാചട്ടങ്ങളിൽ ഇളവ് വരുത്തി അദാനി ഗ്രൂപ്പിന്റെ ഊർജപദ്ധതിക്ക് അനുമതി നൽകിയതിൽ സുരക്ഷാവീഴ്ചയുണ്ടെന്നാരോപിച്ച് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ലോക്സഭയിൽനിന്നു വാക്കൗട്ട് നടത്തി.
ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സോളാർ പാനലുകളും കാറ്റാടി യന്ത്രങ്ങളും അടക്കം അദാനി ഗ്രൂപ്പിന്റെ ഊർജ പാർക്കിനായി അതിർത്തിസുരക്ഷാ പ്രോട്ടോക്കോളുകൾ ഇളവ് ചെയ്തതിലൂടെ സർക്കാർ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയെന്ന് കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു.
അദാനിയുടെ സമ്മിശ്ര പാരന്പര്യേതര ഊർജ പദ്ധതിയുടെ നിർമാണം അന്താരാഷ്ട്ര അതിർത്തിക്ക് ഒരു കിലോമീറ്റർ അടുത്തുവരെയുണ്ട്. സുരക്ഷാ പ്രോട്ടോക്കോളനുസരിച്ച്, ഏതൊരു വലിയ അടിസ്ഥാനസൗകര്യ പദ്ധതിയും അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് കുറഞ്ഞത് പത്തു കിലോമീറ്റർ അകലെയായിരിക്കണമെന്ന് മനീഷ് ചൂണ്ടിക്കാട്ടി.
എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും അനുമതി നേടിയ ശേഷമാണ് ഏതൊരു പദ്ധതിക്കും അനുമതിയും ലൈസൻസും നൽകുന്നതെന്ന് കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
രാജ്യത്ത് പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കാൻ സർക്കാരിനു താത്പര്യമുണ്ടെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ, അദാനിക്കുവേണ്ടി നിർദിഷ്ട ഊർജപദ്ധതിക്ക് എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ കോണ്ഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ചങ്ങാത്തമുതലാളിമാരെ സഹായിക്കാൻ ദേശസുരക്ഷ സർക്കാർ അപകടത്തിലാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടർന്ന് കോണ്ഗ്രസ്, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ലോക്സഭയിൽ ഇന്നലെ ചോദ്യോത്തര വേളയിലായിരുന്നു പ്രതിഷേധ വാക്കൗട്ട്. പാക് അതിർത്തിയിലെ നിർദിഷ്ട അദാനി പദ്ധതിക്ക് ഇളവ് അനുവദിച്ചുണ്ടോയെന്ന മനീഷിന്റെ ഉപചോദ്യമാണു പ്രശ്നം ശ്രദ്ധയിലെത്തിച്ചത്. അതിർത്തിയിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ അദാനി ഗ്രൂപ്പിനുവേണ്ടി ഇളവു ചെയ്തതായി ബ്രിട്ടനിലെ ‘ദ ഗാർഡിയൻ’പത്രം റിപ്പോർട്ട് ചെയ്തതു ചൂണ്ടിക്കാട്ടിയാണ് മനീഷ് പ്രശ്നം ഉയർത്തിയത്.
അദാനി ഊർജ പാർക്ക് എന്ത്?
ദേശീയസുരക്ഷാ പ്രോട്ടോക്കോളുകളിൽ ഇളവു വരുത്തിയാണ് ഗുജറാത്തിലെ പാക് അതിർത്തിയിലെ റാൻ ഓഫ് കച്ചിൽ അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ പാർക്കിന് കേന്ദ്രസർക്കാർ അനുമതി നൽകിയതെന്ന് ‘ദ ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധം മുതലാക്കിയാണ് ശതകോടീശ്വരനായ അദാനി, പാക് അതിർത്തിയിലെ വൻ പദ്ധതിക്ക് അനുമതി നേടിയതെന്ന് റിപ്പോർട്ടിലുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതിയായ ഗുജറാത്തിലെ ഖാവ്ദ പ്ലാന്റിന് നേരത്തേ അനുമതി നൽകിയിരുന്നു. 2020ൽ പ്രവർത്തനം തുടങ്ങിയ ഖാവ്ദയിൽനിന്നുള്ള പുനരുപയോഗ ഊർജം ഉൾപ്പെടുന്ന കോടിക്കണക്കിനു ഡോളറിന്റെ കൈക്കൂലി പദ്ധതിയിൽ പങ്കാളിയാണെന്ന് ആരോപിച്ച് അദാനിക്കെതിരേ അമേരിക്കൻ സർക്കാർ വഞ്ചനാക്കുറ്റം ചുമത്തിയിരുന്നു.
അതിർത്തിയിലെ നിലവിലുള്ള ഗ്രാമങ്ങൾക്കും അന്താരാഷ്ട്ര അതിർത്തിയിൽനിന്നു പത്തു കിലോമീറ്റർ വരെയുള്ള പ്രദേശത്തും വൻകിട നിർമാണം പാടില്ലെന്നാണു സുരക്ഷാ പ്രോട്ടോക്കോൾ.
ഈ മേഖലയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ പാടില്ലെന്നാണു ചട്ടം. എന്നാൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ അദാനി പദ്ധതിയുടെ നിർമാണം അതിർത്തിയിൽനിന്ന് ഒരു കിലോമീറ്ററും 600 മീറ്ററും വരെ അടുത്താണ്.
സൈനിക ടാങ്കുകളുടെയും റോക്കറ്റുകൾ അടക്കമുള്ളവയുമായി പോകുന്ന വലിയ ട്രക്കുകളുടെയും മറ്റും നീക്കത്തിന് ചൈന-പാക് അതിർത്തികളിലെ വിശാലമായ സോളാർ പാനലുകളുടെ നിർമാണം തടസമാകുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ആയുധനീക്കത്തിനും അതിർത്തി നിരീക്ഷണത്തിനും അദാനിയുടെ ഊർജ പാർക്ക് തടസമാകുമെന്ന കാര്യം ഉന്നതതല യോഗത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉന്നയിച്ചതായി യോഗത്തിന്റെ രഹസ്യ മിനിറ്റ്സിൽ പറയുന്നുണ്ടെന്ന് പത്രം വ്യക്തമാക്കി.
എന്നാൽ ശത്രുടാങ്ക് നീക്ക ഭീഷണി ലഘൂകരിക്കുന്നതിന് സോളാർ പ്ലാറ്റ്ഫോമുകൾ പര്യാപ്തമാകുമെന്ന അദാനി ഗ്രൂപ്പിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഇളവ് നൽകിയെന്നാണു റിപ്പോർട്ട്.