മുഷിയുടെ കുത്തേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Thursday, March 13, 2025 1:29 AM IST
മാഹി: കുളം വൃത്തിയാക്കുമ്പോൾ മുഷി മത്സ്യത്തിന്റെ കുത്തേറ്റ യുവാവിന്റെ വലത്തെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടി ബസ് സ്റ്റോപ്പിനടുത്ത പൈക്കാട്ട് കുനിയില്‍ സുകുമാർ എന്ന രജീഷിന്റെ (38) കൈപ്പത്തിയാണ് മുറിച്ചു മാറ്റിയത്.
കഴിഞ്ഞ മാസം 10 ന് കുളം വൃത്തിയാക്കുമ്പോഴാണു മത്സ്യത്തിന്റെ കുത്തേറ്റത്. ഉടൻ ടിടി എടുക്കുകയും ചെയ്തു.
വേദന കൂടിവന്നപ്പോള്‍ പള്ളൂർ ഗവ.ആശുപത്രിയിലും തുടർന്ന് മാഹി ഗവ. ആശുപത്രിയിലും ചികിത്സിച്ചുവെങ്കിലും കഠിന വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്പോഴേക്കും തീപൊള്ളിയതുപോലെ കൈപ്പത്തി നിറയെ കുമിളകള്‍ രൂപപ്പെട്ടിരുന്നു. മൂന്നു തവണയായാണ് ശസ്ത്രക്രിയ നടന്നത്. വിരലുകളും പിന്നീട് കൈപ്പത്തിയും മുറിച്ചു മാറ്റി.