കടൽമണൽ ഖനനത്തിനെതിരേ എൽഡിഎഫ്- യുഡിഎഫ് പ്രതിഷേധം
Thursday, March 13, 2025 1:29 AM IST
ന്യൂഡൽഹി: കടൽമണൽ ഖനനവുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠനം മൈനിംഗ് കന്പനിയെത്തന്നെ കേന്ദ്രസർക്കാർ ഏൽപ്പിക്കുന്നത് കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏൽപ്പിക്കുന്നതിനു തുല്യമാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേന്ദ്രസർക്കാരിന്റെ കടൽമണൽ ഖനന നീക്കത്തിനെതിരേ ഡൽഹിയിൽ കേരള മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടലും തീരവും തീരദേശജനതയെയും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ അതിനെതിരേ പാർലമെന്റിൽ ഒറ്റക്കെട്ടായി ശബ്ദമുയർത്തുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള എൽഡിഎഫ്- യുഡിഎഫ് എംപിമാർ വ്യക്തമാക്കി.
കേരള ഹൗസിൽനിന്ന് ഇന്നലെ രാവിലെ 11 ന് ആരംഭിച്ച മാർച്ചിന് കേരള മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപനും കണ്‍വീനർ പി.പി. ചിത്തരഞ്ജൻ എംഎൽഎയും വൈസ് ചെയർമാൻ ടി.ജെ. ആഞ്ചലോസും നേതൃത്വം നൽകി.
ഖനനവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘമായി പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കുമെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.