കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആശാ വിഷയം ചർച്ചയായില്ല
Thursday, March 13, 2025 1:29 AM IST
ന്യൂഡൽഹി: കേരളത്തിന്റെ വികസനമേഖലകളിൽ കൂടുതൽ മെച്ചപ്പെട്ട സഹായം നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ഡൽഹിയിലെ കൊച്ചിൻ ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസ് തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വയനാടിനുള്ള ധനസഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്രസഹായം, കേരളത്തിന് അതിവേഗ റെയിൽവേ സംവിധാനം നടപ്പിലാക്കുന്നതിന് ഇ. ശ്രീധരൻ നൽകിയിട്ടുള്ള പ്രോജക്ടുകൾ, കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ബന്ധപ്പെട്ട വിഷയം ചർച്ചയുടെ ഭാഗമായില്ല. മുഖ്യമന്ത്രിമാരോ മന്ത്രിമാരോ ഡൽഹിയിലെത്തിയാൽ കേന്ദ്രമന്ത്രിമാരെ അവരുടെ വസതിയിൽ പോയി കാണുകയാണു പതിവ്. എന്നാൽ ഇത്തവണ പതിവിനു വിപരീതമായി കേന്ദ്രമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കൊച്ചിൻ ഹൗസിലേക്ക് എത്തുകയായിരുന്നു.
ഇന്നലെ രാവിലെ ഒന്പതോടെ എത്തിയ നിർമല സീതാരാമനെ മൂവരും ചേർന്നു സ്വീകരിച്ചു. തുടർന്ന് കൊച്ചിൻ ഹൗസിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.
പുട്ട്, കടലക്കറി, അപ്പം, സ്റ്റൂ, മസാലദോശ, തൃശൂരിൽനിന്ന് എത്തിച്ച ഏത്തപ്പഴം തുടങ്ങിയ ദക്ഷിണേന്ത്യൻ രീതിയിലുള്ള വിഭവസമൃദ്ധമായ പ്രഭാതഭക്ഷണമായിരുന്നു നിർമലയ്ക്ക് ഒരുക്കിയത്.
കേരളം ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്രസർക്കാർ അനുഭാവ പൂർവം നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം കെ.വി. തോമസ് പ്രതികരിച്ചു.