വ്യാജ വോട്ടർ കാർഡ്, ഡീലിമിറ്റേഷൻ, ത്രിഭാഷ പ്രശ്നങ്ങളിൽ പാർലമെന്റിൽ വീണ്ടും വാക്കൗട്ട്
Thursday, March 13, 2025 1:29 AM IST
ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡിലെ വ്യാജന്മാർ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, മണ്ഡല പുനർനിർണയം, ത്രിഭാഷാ ഫോർമുല തുടങ്ങിയ പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസുകൾക്ക് ലോക്സഭയിലും രാജ്യസഭയിലും അനുമതി നിഷേധിച്ചു.
സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷ എംപിമാർ വാക്കൗട്ട് നടത്തി. ഈ വിഷയങ്ങളിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് കോണ്ഗ്രസ്, തൃണമൂൽ, ഡിഎംകെ, സിപിഎം, ബിജെഡി അടക്കമുള്ള പ്രതിപക്ഷകക്ഷി നേതാക്കൾ വ്യക്തമാക്കി.
ഹോളി ആഘോഷത്തിനായി ഇന്നലെ പിരിഞ്ഞ ലോക്സഭയ്ക്കും രാജ്യസഭയ്ക്കും ഇനി തിങ്കളാഴ്ച വരെ അവധിയാണ്. വോട്ടർ തിരിച്ചറിയൽ കാർഡിലെ ഇരട്ടിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ ഗുരുതരമായ ക്രമക്കേടുകളെ ചെറിയ പിഴവായി ചിത്രീകരിച്ചു വെള്ള പൂശാനുള്ള ശ്രമമാണു കമ്മീഷന്റേതെന്നു പ്രതിപക്ഷ എംപിമാർ പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും മറ്റും രാഷ്ട്രീയ പ്രസക്തിപോലും ഇല്ലാതാക്കുന്ന ഡീലിമിറ്റേഷൻ നിർദേശം 30 വർഷത്തേക്കുകൂടി മരവിപ്പിക്കേണ്ടതുണ്ടെന്ന് ഡിഎംകെ ആവർത്തിച്ചു വ്യക്തമാക്കി.
ത്രിഭാഷാ പദ്ധതി തർക്കത്തിൽ തമിഴ്നാട്ടിലെ കോണ്ഗ്രസ് എംപിമാരും ഡിഎംകെയ്ക്ക് പിന്തുണ നൽകി. വ്യാജ തിരിച്ചറിയൽ വോട്ടർ കാർഡുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കുന്നതിന് അടുത്തയാഴ്ച പാർലമെന്ററിൽ ചർച്ച അനുവദിക്കണമെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയൻ ആവശ്യപ്പെട്ടു.
കുടുംബാസൂത്രണം വിജയകരമായി നടപ്പാക്കിയ തമിഴ്നാട്, കേരളം പോലുള്ള പുരോഗമന സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതാണ് മണ്ഡല പുനർനിർണയമെന്ന് ഡിഎംകെ നേതാവ് കനിമൊഴി ചൂണ്ടിക്കാട്ടി.
ജനസംഖ്യയോടൊപ്പം സാന്പത്തിക വളർച്ച, പ്രതിശീർഷ വരുമാനം, അടിസ്ഥാനസൗകര്യ വികസനം, ജിഎസ്ഡിപി തുടങ്ങി മറ്റെല്ലാ സൂചികകളുംകൂടി പരിഗണിക്കാതെ മണ്ഡലങ്ങൾ പുനർനിർണയിക്കരുതെന്ന് കേരള, തമിഴ്നാട് എംപിമാർ ആവശ്യപ്പെട്ടു.