ലഹരിക്കടത്ത് കേസുകളിൽ 30 ശതമാനവും കേരളത്തിൽ
Thursday, March 13, 2025 1:29 AM IST
സീനോ സാജു
ന്യൂഡൽഹി: വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ലഹരിക്കടത്തു കേസുകളിലും കേരളം നന്പർ വണ്‍ തന്നെയെന്നു കേന്ദ്രത്തിന്റെ കണക്കുകൾ. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ലഹരിക്കടത്തു കേസുകളിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മുകളിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകളിൽനിന്നു വ്യക്തമായി.
2022 മുതൽ 2024 വരെയുള്ള മൂന്നുവർഷ കാലയളവിൽ കേരളത്തിൽ ആകെ 85,534 കേസുകളുണ്ടെങ്കിൽ രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 35,883 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 27,701 കേസുകളാണ് നാർകോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ അനൗദ്യോഗിക ഡ്രഗ് ഹബ്ബായി അറിയപ്പെട്ടിരുന്ന പഞ്ചാബിൽ കഴിഞ്ഞ വർഷം 9025 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്തു രജിസ്റ്റർ ചെയ്തിരിക്കുന്ന 30 ശതമാനത്തിലധികം കേസുകളും കേരളത്തിലാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 3,02,228 ലഹരിക്കേസുകളാണ് രാജ്യത്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഈ കാലയളവിൽ 268 പേർ മാത്രമാണു ശിക്ഷിക്കപ്പെട്ടതെന്ന് രാജ്യസഭയിൽ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുർജേവാലയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രം വ്യക്തമാക്കി. കേരളത്തിൽ ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ശിക്ഷിക്കപ്പെട്ടത് കേവലം രണ്ടു കേസുകളിൽ മാത്രമാണ്.
മൂന്നു വർഷത്തിനിടെ മറ്റുള്ള സംസ്ഥാനങ്ങളെല്ലാം ലഹരിക്കേസുകൾ ഗണ്യമായി കുറയ്ക്കുന്നതിൽ വിജയം കണ്ടപ്പോൾ കേരളത്തിലെ ലഹരിക്കേസുകൾ ഉയർന്നുതന്നെ നിൽക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2022ൽ കേരളത്തിൽ 26,918 കേസുകൾ രേഖപ്പെടുത്തിയപ്പോൾ 2023ൽ 30,715 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.