പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതി: അവസാന തീയതി തീട്ടി
Thursday, March 13, 2025 1:29 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടി. ഇന്നലെ അവസാനിക്കാനിരുന്ന സമയപരിധി ഈ മാസം അവസാനം വരെയാണ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയം നീട്ടിയത്.
ഇന്റേണ്‍ഷിപ്പിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. രാജ്യത്തെ ഉന്നത കന്പനികളിൽ ഇന്റേണ്‍ഷിപ്പ് ചെയ്യാൻ അവസരമൊരുക്കുന്ന പദ്ധതിയിൽ 21നും 24 നും ഇടയിലുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പാസാകണമെന്നതാണു മിനിമം യോഗ്യത.
കഴിഞ്ഞവർഷം ഒക്ടോബറിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 6,00,000 അപേക്ഷകൾ ലഭിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ 730 ജില്ലകളിലുമുള്ള വിദ്യാർഥികൾക്ക് പ്രായോഗിക അനുഭവ പരിജ്ഞാനവും നൈപുണ്യ വികസനവും ലഭ്യമാക്കുക എന്നതിനാണ് രണ്ടാംഘട്ടം ഊന്നൽ നൽകുന്നത്. ഇന്റേണ്‍ഷിപ്പിലൂടെ ഉന്നത കന്പനികളിൽ ഒരു വർഷത്തേക്ക് വിദ്യാർഥികൾക്ക് പരിശീലനം ലഭിക്കും. ഇന്റേണുകൾക്ക് 6000 രൂപ സാന്പത്തികസഹായമായും ലഭിക്കും.