നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് 12 വർഷത്തിനുശേഷം പരാതി
Thursday, March 13, 2025 1:29 AM IST
ബംഗളൂരു: 2004 ഏപ്രിൽ 17ന് ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിമാനം തകർന്ന് മരിച്ച നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി. ആന്ധ്രപ്രദേശിലെ ഖമ്മം സ്വദേശിയും സാമൂഹികപ്രവർത്തകനുമായ ചിട്ടിമല്ലുവാണ് ഖമ്മം പോലീസിൽ പരാതി നല്കിയത്.
ഭൂമിതർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും സൗന്ദര്യയുടെയും സഹോദരന്റെയും ഉടമസ്ഥതയിൽ ഷംഷാബാദിലുള്ള ആറ് ഏക്കർ ഭൂമി വിൽക്കാൻ കന്നഡ നടൻ മോഹൻബാബു സമ്മർദം ചെലുത്തിയിരുന്നെന്നും ഇതു വിസമ്മതിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്നും പരാതിയിൽ ആരോപിക്കുന്നു. സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തെന്നും പരാതിയിലുണ്ട്.
കൊല്ലപ്പെടുന്പോൾ 31 വയസുള്ള സൗന്ദര്യ ഗർഭിണിയായിരുന്നു. അപകട സ്ഥലത്തുനിന്ന് സൗന്ദര്യയുടെ മൃതദേഹം കണ്ടെടുത്തിരുന്നില്ല. കൊലപാതകത്തിൽ മോഹൻബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നും ഈ ഭൂമി സർക്കാർ കണ്ടുകെട്ടണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. എന്നാൽ, പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു.