ആദായനികുതി ബില്ലിൽ മൗലികാവകാശ ലംഘനം
Thursday, March 6, 2025 2:52 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആദായനികുതി ഉദ്യോഗസ്ഥർക്ക് ഇ-മെയിലുകളും വാട്ട്സ്ആപ് സന്ദേശങ്ങളും ഉൾപ്പെടെ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറാൻ അനുവദിക്കുന്ന വിവാദ വ്യവസ്ഥകൾ പുതിയ ആദായനികുതി ബില്ലിൽ.
നികുതി വെട്ടിപ്പുകൾ കണ്ടെത്താനെന്ന പേരിൽ വെർച്വൽ ഡിജിറ്റൽ ഇടങ്ങൾ ഉൾപ്പെടുത്താനും അവയുടെ പാസ്വേഡുകളും സുരക്ഷാ കോഡുകളും ഉദ്യോഗസ്ഥർക്കു കൈമാറാനും, ആവശ്യമെങ്കിൽ അസാധുവാക്കാനും അനുവദിക്കുന്ന ബില്ലിലെ 247-ാം വകുപ്പാണ് സാധാരണക്കാർക്ക് വലിയ ആശങ്കയാകുന്നത്.
കോടതിയുടെ അനുമതി കൂടാതെ ഏതു സ്വകാര്യ വിവരങ്ങളും കണ്ടെത്താനും കംപ്യൂട്ടറുകളടക്കം എന്തും പരിശോധിക്കാനും പിടിച്ചെടുക്കാനും ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയാൽ സ്വകാര്യതയ്ക്കു ഭരണഘടന ഉറപ്പുനൽകുന്ന മൗലികസ്വാതന്ത്ര്യം പോലും ഇല്ലാതാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗികവും സ്വകാര്യവുമായ ആശയവിനിമയങ്ങൾ ഏതാണ്ട് പൂർണമായി ഡിജിറ്റലായ കാലത്ത് സുപ്രധാനവും സ്വകാര്യതയുള്ളതുമായ സന്ദേശങ്ങളടക്കം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തന്ത്രപ്രധാന ഡാറ്റകളിലേക്കു സർക്കാരിനും ഉദ്യോഗസ്ഥർക്കും എളുപ്പത്തിൽ കടന്നുകയറാൻ അനുവദിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ.
കഴിഞ്ഞ മാസം 13ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പാസായാൽ അടുത്ത വർഷം മുതൽ ഉദ്യോഗസ്ഥർക്ക് അനിയന്ത്രിത അധികാരം ലഭിക്കും. നിലവിലെ ആദായനികുതി നിയമത്തിൽനിന്നുള്ള വലിയ മാറ്റമാണിത്. അധികാര ദുരുപയോഗത്തിനും സ്വകാര്യതാ ലംഘനത്തിനും വഴിതെളിക്കുന്ന വിവാദ വ്യവസ്ഥയ്ക്കുമേൽ ജുഡീഷറിയുടെ നിയന്ത്രണവുമില്ല.
1961-ലെ ഇൻകം ടാക്സ് നിയമത്തിനു പകരമായി കൊണ്ടുവന്ന പുതിയ ബില്ലിലെ ചില വ്യവസ്ഥകളെങ്കിലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആക്ഷേപമുണ്ട്. പരിശോധനയുടെ പേരിൽ രാജ്യത്തെ ഏതൊരു പൗരനെയും ഗുരുതരമായി പീഡിപ്പിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയും.
പൗരാവകാശങ്ങൾ കവർന്നെടുക്കാനുള്ള സർക്കാരിന്റെ ദുരുദ്ദേശ്യം പ്രകടമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. പുതിയ ബില്ലുകൊണ്ട് നികുതിദായകന് കാര്യമായ പ്രയോജനങ്ങളുമില്ല.
അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ബിൽ പാസാക്കാനാണു സർക്കാരിന്റെ നീക്കം. ബിൽ പരിശോധിക്കുന്ന ലോക്സഭയുടെ സെലക്ട് കമ്മിറ്റി വൈകാതെ റിപ്പോർട്ട് സമർപ്പിച്ചേക്കും.
വ്യക്തികളുടെമേൽ സർക്കാരിന് അമിതാധികാരം
പുതിയ ആദായനികുതി നിയമം നടപ്പിലായാൽ നികുതി അന്വേഷണങ്ങൾക്കിടെ ഇ-മെയിലുകൾ, ട്രേഡിംഗ് അക്കൗണ്ടുകൾ, വാട്ട്സ്ആപ് സന്ദേശങ്ങൾ, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്രൊഫൈലുകൾ തുടങ്ങിയവയും അതിലേറെയും പരിശോധിക്കാൻ അനുവദിക്കുന്ന വിപുലമായ അധികാരങ്ങൾ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു നൽകുന്നതാണ് ബില്ലിലെ 247-ാം വകുപ്പ്.
ഈ വകുപ്പ് ബില്ലിനുള്ളിൽ ഒളിപ്പിച്ചത് സർക്കാരിന്റെ ബോധപൂർവമായ നീക്കമായാണു നിയമ, നികുതി വിദഗ്ധർ വിലയിരുത്തുന്നത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള നികുതി ചട്ടക്കൂടിന്റെ പുനർനിർമാണവും ലളിതവത്കരണവുമെന്ന മറയിലാണ് അപകടകരമായ വ്യവസ്ഥ ഉൾക്കൊള്ളിച്ചത്.
നിർദിഷ്ട നിയമപ്രകാരം വ്യക്തികളുടെ ഇ-മെയിലുകൾ, സോഷ്യൽ മീഡിയ, ബാങ്ക് വിശദാംശങ്ങൾ, നിക്ഷേപ അക്കൗണ്ടുകൾ തുടങ്ങിയവ നികുതിദായകന്റെ സമ്മതമില്ലാതെ പരിശോധിക്കാൻ നികുതി ഉദ്യോഗസ്ഥർക്കു കഴിയും.
ഏതെങ്കിലും വാതിൽ, പെട്ടി, ലോക്കർ, സേഫ്, അലമാര, പാത്രം തുടങ്ങിയവയുടെ പൂട്ട് തുറക്കുക, താക്കോലുകൾ ലഭ്യമല്ലാത്ത ഏതെങ്കിലും കെട്ടിടം, സ്ഥലം മുതലായവയിൽ പ്രവേശിച്ചു തെരയുക, രഹസ്യകോഡ് ലഭ്യമല്ലാത്ത ഏതെങ്കിലും കംപ്യൂട്ടറുകളിലും വെർച്വൽ ഡിജിറ്റൽ ഇടങ്ങളിലും ആക്സസ് കോഡ് അസാധുവാക്കി വിവരങ്ങൾ കണ്ടെത്തുക തുട ങ്ങിയ നടപടികൾ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്നുണ്ട്.
നിലവിൽ ലാപ്ടോപ്പുകൾ, ഹാർഡ് ഡ്രൈവുകൾ, ഇ-മെയിലുകൾ എന്നിവയിലേക്ക് നികുതി ഉദ്യോഗസ്ഥർക്ക് ആക്സസ് ആവശ്യപ്പെടാം. എന്നാൽ നിലവിലെ നികുതിനിയമത്തിൽ ഡിജിറ്റൽ രേഖകൾ വ്യക്തമായി പരാമർശിച്ചിരുന്നില്ല. അതിനാൽ അത്തരം ആവശ്യങ്ങൾ പലപ്പോഴും നിയമപരമായ തടസങ്ങൾ നേരിടുന്നുണ്ട്. ഇനിമുതൽ നികുതിദായകന് അത്തരം സംരക്ഷണമില്ല.
ഡിജിറ്റൽ ആസ്തികൾ പരിശോധിക്കുന്നതിനോട് നികുതിദായകൻ വിസമ്മതിച്ചാൽ പാസ്വേഡുകളും സുരക്ഷാ ക്രമീകരണങ്ങളും മറികടക്കാനും ഫയലുകൾ അണ്ലോക്ക് ചെയ്യാനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് ബില്ലിലെ വിവാദ വകുപ്പ്.
ലളിതമായി പറഞ്ഞാൽ, നികുതിദായകരുടെ ""വെർച്വൽ ഡിജിറ്റൽ സ്പേസിൽ’’ സംഭരിച്ചിരിക്കുന്ന എന്തിനും ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായ നിയന്ത്രണമുണ്ടായിരിക്കും. ക്ലൗഡ് സെർവറുകൾ, ഇ-മെയിൽ അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ, ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെയുള്ള കംപ്യൂട്ടറുകൾ വഴി ഉപയോക്താക്കൾക്കു സംവദിക്കാൻ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകൾ എന്നാണ് പുതിയ ബില്ലിൽ ഈ പദത്തെ നിർവചിക്കുന്നത്.