എഫ്-16 യുദ്ധവിമാനങ്ങളുടെ പരിപാലനം; പാക്കിസ്ഥാന് 39.7 കോടി ഡോളർ അനുവദിച്ച് ട്രംപ് ഭരണകൂടം
Wednesday, February 26, 2025 1:26 AM IST
ന്യൂഡൽഹി: ഇന്ത്യക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകാനുള്ള തീരുമാനത്തിനു പിന്നാലെ പാക്കിസ്ഥാന്റെ കൈവശമുള്ള എഫ്-16 യുദ്ധവിമാനങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ട്രംപ് ഭരണകൂടം 39.7 കോടി ഡോളർ അനുവദിച്ചു.
2022ൽ ഇതേ ആവശ്യത്തിന് ജോ ബൈഡൻ ഭരണകൂടം പാക്കിസ്ഥാന് 45 കോടി ഡോളർ നൽകിയിരുന്നു. അമേരിക്കയുടെ തീരുമാനം ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങളെ ബാധിക്കുന്നതാണെന്നും പാക്കിസ്ഥാന് അമേരിക്ക നൽകുന്ന സൈനിക പിന്തുണയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ തീരുമാനം മോദി സർക്കാരിന്റെ നയതന്ത്രക്ഷമതയെപ്പറ്റി ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എഫ്-16 വിമാനങ്ങൾ പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചിട്ടുള്ള ചരിത്രം പരിശോധിക്കുകയാണെങ്കിൽ അമേരിക്കയുടെ തീരുമാനം ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം അധ്യക്ഷൻ പവൻ ഖേര സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യ-അമേരിക്കൻ ബന്ധം ശക്തമായിരുന്നുവെന്നും എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ മോദിസർക്കാരിന്റെ നയതന്ത്രവീഴ്ചയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പവൻ ഖേര പറഞ്ഞു.
മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇന്ത്യയുമായുള്ള ആണവകരാർ നിരോധനം നീക്കിയാണ് യുപിഎ സർക്കാരിന്റെ കാലത്ത് 2008ൽ ഇരുരാജ്യങ്ങളും ആണവകരാറിൽ ഒപ്പിട്ടത്.
അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുന്നതിന്റെ ഭാഗമായി 2005ൽ പ്രതിരോധ ചട്ടക്കൂട് കരാറിൽ ഇരു രാജ്യങ്ങളുമെത്തി. പാക്കിസ്ഥാൻ തീവ്രവാദ സംഘടനകളുടെ രഹസ്യാന്വേഷണ വിവരങ്ങൾ ഇന്ത്യക്ക് നൽകുന്നതിനായുള്ള അമേരിക്കയുടെ തീവ്രവാദവിരുദ്ധ സഹകരണം 2008നു ശേഷം മെച്ചപ്പെട്ടു.
ചേരിചേരാ നയത്തെ പരിപോഷിപ്പിച്ചുകൊണ്ടുതന്നെ സന്തുലിതവും എന്നാൽ ശക്തവുമായ വിദേശനയം കോണ്‍ഗ്രസിനു കീഴിൽ സ്വീകരിക്കാൻ കഴിഞ്ഞുവെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
എന്നാൽ സമീപകാലത്തെ പ്രതിരോധ ഉടന്പടികൾ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിൽനിന്ന് എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ധാരണ അതിന്റെ ഉയർന്ന ചെലവുകൊണ്ടും പ്രവർത്തിപ്പിക്കാനുള്ള വെല്ലുവിളികൾകൊണ്ടും വിമർശനാത്മകമാണെന്ന് പവൻ പറഞ്ഞു.
ദേശീയതാത്പര്യങ്ങൾ സംരക്ഷിക്കാൻ കോണ്‍ഗ്രസിന്റെ നയതന്ത്ര കാഴ്ചപ്പാടിൽനിന്ന് ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിദേശനയത്തിൽ പുനർവിചിന്തനം നടത്തേണ്ട ആവശ്യകതയുണ്ടെന്നും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.