കുട്ടികൾക്കും സാക്ഷികളാകാം: സുപ്രീംകോടതി
Wednesday, February 26, 2025 1:26 AM IST
ന്യൂഡൽഹി: സാക്ഷി പറയുന്നതിന് കുറഞ്ഞ പ്രായപരിധിയില്ലെന്ന് സുപ്രീംകോടതി. ചോദ്യങ്ങൾ മനസിലാക്കാനും യുക്തിസഹമായി ഉത്തരം നൽകാനും കഴിവുണ്ടെങ്കിൽ ചെറിയ പ്രായത്തിൽ കുട്ടികളെ സാക്ഷിയായി പരിഗണിക്കാമെന്നും അവരുടെ മൊഴികൾ തെളിവായി സ്വീകരിക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
എവിഡന്റ് ആക്ട് പ്രകാരം സാക്ഷിക്ക് കുറഞ്ഞ പ്രായപരിധിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മറ്റേതൊരു സാക്ഷികളെപ്പോലെതന്നെ കുട്ടികളെയും പരിഗണിക്കാം. എങ്കിലും കുട്ടികളെ സാക്ഷികളാക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയ കോടതി, അവരെ എളുപ്പത്തിൽ സ്വാധീനിക്കാമെന്നും അനുകൂലമായോ പ്രതികൂലമായോ മൊഴികൾ നൽകാൻ കുട്ടികളെ പഠിപ്പിക്കാൻ കഴിയുമെന്നും വ്യക്തമാക്കി.
അതിനാൽ കുട്ടികളുടെ മൊഴികൾ തെളിവായി രേഖപ്പെടുത്തുന്പോൾ വിചാരണക്കോടതികൾ ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു. സ്വന്തം അമ്മയുടെ കൊലപാതകം നേരിട്ടു കണ്ട ഏഴുവയസുകാരിയുടെ മൊഴി സ്വീകരിക്കില്ലെന്നു വ്യക്തമാക്കി പ്രതിയെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ നടപടി പരിശോധിക്കവെയാണ് കുട്ടികളുടെ മൊഴി സ്വീകരിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി പ്രതിയുടെ ശിക്ഷ ശരിവച്ചു.