കേന്ദ്ര തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് രൂപീകരിക്കാൻ കോണ്ഗ്രസ്
Tuesday, February 25, 2025 2:13 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളെ കാര്യക്ഷമമായി നേരിടാൻ കേന്ദ്ര തെരഞ്ഞെടുപ്പ് മാനേജ്മന്റ് ഡിപ്പാർട്ട്മെന്റ് രൂപീകരിക്കാൻ കോണ്ഗ്രസ് തീരുമാനിച്ചു. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിലാണു തീരുമാനം.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കി വിജയം ഉറപ്പാക്കുകയാണ് തെരഞ്ഞെടുപ്പ് മാനേജ്മെന്റ് സെല്ലിന്റെ ലക്ഷ്യം. ഓരോ തെരഞ്ഞെടുപ്പിനും മുന്നോടിയായി പാർട്ടിയെ തയാറാക്കുക, ഫലപ്രദമായ ഏകീകരണം ഉറപ്പാക്കുക, തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുക തുടങ്ങിയവ കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വമായിരിക്കും.
കമ്മിറ്റിയെ ആരു നയിക്കുമെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. യുവാക്കളെ ഉത്തരവാദിത്വം ഏൽപ്പിക്കണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ ആഗ്രഹം. ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ പുതിയ കമ്മിറ്റിയുടെ പരിഷ്കാരങ്ങളും നിർദേശങ്ങളും പാർട്ടി നടപ്പാക്കിയേക്കും.
സ്ഥാനാർഥിനിർണയം, തെരഞ്ഞെടുപ്പു പത്രിക തയാറാക്കൽ, സഖ്യകക്ഷികളുമായുള്ള ചർച്ചകൾ തുടങ്ങിയവയെല്ലാം കമ്മിറ്റിയുടെ ചുമതലയിൽ ഉൾപ്പെടും. ഏതെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിനുമുന്പ് അതത് സംസ്ഥാനങ്ങളിലെ പ്രദേശ് ഇലക്ഷൻ കമ്മിറ്റികളിൽനിന്നുള്ള റിപ്പോർട്ടുകളും കണക്കിലെടുക്കും.
തുടർന്ന് ആഭ്യന്തര സർവേകളടക്കം നടത്തിയായിരിക്കും തീരുമാനമെടുക്കുക. വിജയസാധ്യത, പാർട്ടിയോടുള്ള വിശ്വസ്തത, തെരഞ്ഞെടുപ്പ് ചരിത്രം, സ്ഥാനാർഥികളുടെ വ്യക്തിപ്രഭാവം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ച ശേഷമായിരിക്കും മത്സരിക്കാനുള്ള ടിക്കറ്റ് കമ്മിറ്റി അനുവദിക്കുക.
പാർട്ടിക്കുള്ളിലെ ഏറ്റവും ശക്തമായ കമ്മിറ്റിയാക്കി തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയെ മാറ്റുകയെന്ന ലക്ഷ്യവും കോണ്ഗ്രസിനുണ്ട്.