പഞ്ചാബിലെ 32 എഎപി എംഎൽഎമാർ സമീപിച്ചതായി കോൺഗ്രസ് നേതാവ്
Tuesday, February 25, 2025 2:13 AM IST
ചണ്ഡിഗഡ്: പഞ്ചാബിലെ മന്ത്രിമാർ 32 എഎപി എംഎൽഎമാർ തങ്ങളെ സമീപിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വ. മുഖ്യമന്ത്രി ഭഗവന്ത് മാൻ ബിജെപിയുമായി ചർച്ച നടത്തിവരികയാണെന്ന് പഞ്ചാബ് പ്രതിപക്ഷനേതാവായ ബജ്വ പറഞ്ഞു.
“ഭഗവന്ത് മാനിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കാൻ അരവിന്ദ് കേജരിവാൾ തീരുമാനിച്ചാൽ മാൻ ബിജെപിയിൽ ചേരുമെന്ന് ബജ്വ പറഞ്ഞു. എഎപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിനു താത്പര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണ്.
32 എംഎൽഎമാർ ഞങ്ങളെ സമീപിച്ചിരിക്കുകയാണ്. എംഎൽഎമാർ മാത്രമല്ല, മന്ത്രിമാരുമുണ്ട്. ഇത് അവസാന അവസരമാണെന്ന് എഎപി എംഎൽഎമാർക്കറിയാം. സീറ്റ് നേടാൻ അവർ പുതിയ പാർട്ടികളെ സമീപിക്കാനൊരുങ്ങുകയാണ്’’-ബജ്വ പറഞ്ഞു.
അതേസമയം, ബജ്വയുടെ ആരോപണം തള്ളി എഎപി സംസ്ഥാന അധ്യക്ഷൻ അമൻ അറോറ രംഗത്തെത്തി. ബിജെപിയിൽ ചേരാൻ ബജ്വ അഡ്വാൻസ് ബുക്കിംഗ് നടത്തുകയാണെന്ന് അറോറ പരിഹസിച്ചു.