അംബേദ്കറും ഭഗത് സിംഗും ഔട്ട്!
Tuesday, February 25, 2025 2:13 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ഫോട്ടോകൾ നീക്കം ചെയ്തെന്ന് ആം ആദ്മി പാർട്ടി.
രേഖ ഗുപ്ത മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ഫോട്ടോകളും താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള ഓഫീസിലെ ഫോട്ടോകളും സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത് ഡൽഹിയിലെ പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കസേരയ്ക്കു പിന്നിലായുണ്ടായിരുന്ന അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ഫോട്ടോകൾക്കു പകരം മഹാത്മാഗാന്ധിയുടെയും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങളാണ് രേഖ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ചിത്രത്തിൽ കാണാൻ കഴിയുന്നത്.
ബിജെപി തങ്ങളുടെ യഥാർഥ ദളിത്, സിഖ് വിരുദ്ധ മുഖം വെളിപ്പെടുത്തിയെന്നാണ് അതിഷി പ്രതികരിച്ചത്. എന്നാൽ, എഎപി തങ്ങളുടെ അഴിമതികളും ദുഷ്പ്രവൃത്തികളും മറയ്ക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണമുന്നയിക്കുന്നതെന്ന് രേഖ ഗുപ്ത തിരിച്ചടിച്ചു.