പുതിയ ഭാഷായുദ്ധത്തിനു തയാറെന്ന് എം.കെ. സ്റ്റാലിൻ
Wednesday, February 26, 2025 12:33 AM IST
ചെന്നൈ: തമിഴ്, ഇംഗ്ലീഷ്, ഭാഷകൾക്കു മൂന്നാം ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഏതു ശ്രമവും പരാജയപ്പെടുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
1965ലെ ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം മുന്നറിയിപ്പായിരുന്നു. സംസ്ഥാനം പുതിയ ഭാഷായുദ്ധത്തിനു തയാറാണെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ സ്റ്റാലിൻ പറഞ്ഞു.
ജനസംഖ്യാ കണക്കെടുപ്പു പ്രകാരം ആനുപാതികമായി സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകള്‍ പുനഃക്രമീകരിക്കാനുള്ള കേന്ദ്രനീക്കത്തിൽ സ്റ്റാലിന് എതിര്‍പ്പ് അറിയിച്ചു. സെൻസസ് നടപ്പാക്കിയാൽ തമിഴ്നാടിന് എട്ട് ലോക്സഭാ സീറ്റുകൾ വരെ നഷ്ടമാകാനിടയുണ്ടെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
നിലവിൽ 39 എംപിമാരാണ് തമിഴ്നാടിനുള്ളത്. ഇത് 31 ആയി ചുരുങ്ങും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിവരുന്നുണ്ട്. അതിനാല്‍ ജനസംഖ്യാ കണക്കെടുപ്പ് ലോക്സഭയിലെ പ്രാതിനിധ്യം കുറയ്ക്കാനാവരുത്.
മുഴുവന്‍ പാര്‍ട്ടികളും അഭിപ്രായഭിന്നത മറന്ന് മാർച്ച് അഞ്ചിനു ചേരുന്ന സർവ കക്ഷിയോഗത്തിൽ പങ്കെടുക്കണമെന്നും ഒപ്പം നില്‍ക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മീഷനും സർവകക്ഷിയോഗം വിളിക്കുന്നുണ്ട്. അവിടെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ നീക്കം ചെറുക്കണം.