പാക്കിസ്ഥാൻ മോചിപ്പിച്ച 22 മത്സ്യത്തൊഴിലാളികൾ ഗുജറാത്തിലെത്തി
Wednesday, February 26, 2025 12:33 AM IST
അഹമ്മദാബാദ്: അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 2021 ഏപ്രിലിൽ പാക് നാവിക സേന കസ്റ്റഡിയിലെടുത്ത 22 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു.
ഇന്നലെ ഇവർ ഗുജറാത്തിലെ ഗിർ സോമനാഥിലെത്തി. 195 മത്സ്യത്തൊഴിലാളികൾകൂടി പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് വെരാവൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.കെ. ഗോയൽ പറഞ്ഞു.
ജയിലുകളിൽ കഴിയുന്ന പലരും രോഗികളാണെന്നും ഭക്ഷണമുൾപ്പെടെ ലഭിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രണ്ടുവർഷം മുന്പ് ഞങ്ങളെ പാക് സുപ്രീംകോടതി മോചിപ്പിച്ചതാണ്. എങ്കിലും അവിടെ ജയിലുകളിൽ കഴിയാൻ വിധിക്കപ്പെടുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. മോചിപ്പിക്കപ്പെട്ട 22 മത്സ്യത്തൊഴിലാളികളിൽ 18 പേർ ഗുജറാത്ത് സ്വദേശികളാണ്.