വയനാട് ദുരന്തം: സർക്കാരുകൾ ഉത്തരവാദിത്വം നിർവഹിക്കണമെന്ന് ടി. സിദ്ദിഖ്
Wednesday, February 26, 2025 12:33 AM IST
ന്യൂഡൽഹി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎ. സർക്കാരുകളുടെ ഈ നിലപാടാണ് ദുരന്തം ബാക്കിവച്ച ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ അടിത്തറയെന്നും ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ എംഎൽഎ ആരോപിച്ചു.
പ്രതിപക്ഷനേതാവും എംപിമാരും സംസ്ഥാന സർക്കാരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിട്ടും വയനാടിനോടുള്ള കേന്ദ്രസർക്കാർ സമീപനം നിരാശാജനകമാണ്. സംസ്ഥാന സർക്കാരിന്റെ നിലപാടിനും വ്യത്യാസമില്ല. പുനരധിവാസത്തിന് പ്രാഥമികമായി ആവശ്യമായ ദുരന്തബാധിതരുടെ ലിസ്റ്റ് പോലും ഏഴു മാസമായിട്ട് തയാറാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ല.
ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ 42ലധികം ആളുകൾ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രി അടക്കമുള്ളവരെ ഇക്കാര്യം അറിയിച്ചിട്ടും ഇവരുടെ തുടർചികിത്സയ്ക്ക് പൂർണതോതിലുള്ള ക്രമീകരണം നടത്താൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല.
സംസ്ഥാന സർക്കാർ 300 രൂപ ദിനബത്തയായി ദുരന്തബാധിതർക്ക് നൽകിയിരുന്നു. എന്നാൽ ജീവനോപാധി തിരിച്ചുനൽകുന്നതിനു മുന്പേ ദിനബത്ത നിർത്തലാക്കിയത് നിരാശാജനകമാണെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് ദുരന്തബാധിതർ ഇപ്പോൾ മുന്നോട്ടു പോകുന്നത്.
അഞ്ച് സെന്റ് ഭൂമിയിലാണോ പത്തു സെന്റ് ഭൂമിയിലാണോ പുനരധിവാസം എന്ന കാര്യത്തിൽപ്പോലും വ്യക്തത വരുത്താൻ സംസ്ഥാന സർക്കാരിനു സാധിച്ചിട്ടില്ല. ദുരന്തബാധിതർ എടുത്ത വായ്പകൾ എഴുതിത്തള്ളുന്ന വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനരധിവാസത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രിയങ്ക ഗാന്ധിയെ വിമർശിച്ച ആനി രാജ ദുരന്തമേഖലയിൽ എത്രതവണ സന്ദർശിച്ചുവെന്നും ദുരന്തനിവാരണത്തിന് എന്തു നടപടി സ്വീകരിച്ചുവെന്നും ടി. സിദ്ദിഖ് ചോദിച്ചു.