സിക്ക് വിരുദ്ധ കലാപം; സജ്ജൻ കുമാറിന് ജീവപര്യന്തം
Wednesday, February 26, 2025 1:26 AM IST
ന്യൂഡൽഹി: സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 40 വർഷത്തിനുശേഷം മുൻ കോണ്‍ഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ഡൽഹി റോസ് അവന്യു പ്രത്യേക കോടതി.
1984 ലെ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ സജ്ജൻ കുമാറിന് ശിക്ഷ വിധിച്ചത്. സജ്ജൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ 12ന് കോടതി കണ്ടെത്തിയിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ വധത്തിനു പിന്നാലെ 1984 നവംബർ ഒന്നിന് പശ്ചിമ ഡൽഹിയിലെ രാജ് നഗറിൽ താമസിക്കുന്ന എസ്. ജസ്വന്ത് സിംഗിനെയും അദ്ദേഹത്തിന്റെ മകൻ തരുണ്‍ സിംഗിനെയും സജ്ജന്റെ നേതൃത്വത്തിലുള്ള കലാപസംഘം കൊലപ്പെടുത്തിയെന്നാണു കേസ്.
1991ൽ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും മതിയായ തെളിവുകളില്ലാതിരുന്നതിനാൽ സജ്ജനെതിരേ കുറ്റപത്രം സമർപ്പിച്ചില്ല. പിന്നീട് 2015ൽ സിക്ക് കലാപം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ സജ്ജൻ കുറ്റക്കാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സജ്ജൻകുമാർ നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ്. 1980 മുതൽ 2004 വരെ മൂന്നു തവണയാണ് സജ്ജൻ കുമാർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.