വി.പി. സുഹ്റ കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി
Wednesday, February 26, 2025 12:33 AM IST
ന്യൂഡൽഹി: മുസ്ലിം സ്ത്രീകളുടെ അനന്തര സ്വത്തവകാശവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകയും ‘നിസ’ സംഘടനയുടെ പ്രസിഡന്റുമായ വി.പി. സുഹ്റ കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ മുസ്ലിം സമുദായത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം സുഹ്റ കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
മുസ്ലിം അന്തരാവകാശ നിയമത്തിൽ നീതിയും സുതാര്യതയും വരുത്തുന്നതിനായുള്ള കരട് ബിൽ സുഹ്റ ചർച്ചയിൽ അവതരിപ്പിച്ചതായും, സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
അനന്തര സ്വത്തിൽ മുസ്ലിം പുരുഷനൊപ്പം സ്ത്രീകൾക്കും അവകാശം ഉറപ്പാക്കുക, മുസ്ലിം വ്യക്തിനിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സുഹ്റ കഴിഞ്ഞ ഞായറാഴ്ച ഡൽഹി ജന്തർ മന്തറിൽ നിരാഹാരസമരം നടത്തിയിരുന്നു.